കോഴിക്കോട്: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും മാവൂർ കൽപള്ളി മേഖലയിൽ വ്യാപക നാശനഷ്ടം. വീടിന് മുകളിൽ മരങ്ങൾവീണും മേൽകൂര പറന്നുപോയുമാണ് നഷ്‌ടം സംഭവിച്ചത്. കൂടാതെ വ്യാപക കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. കൽപ്പള്ളി വേലാട്ടിൽ ഗഫൂറിന്‍റെ വീടിന് മുകളിലാണ് തെങ്ങും കവുങ്ങും വീണത്. വീടിന്‍റെ സൺഷെയ്‌ഡ് പൊട്ടുകയും ചുമരിന് വിള്ളൽ വീഴുകയും ചെയ്‌തിട്ടുണ്ട്. കൂടാതെ വാട്ടർ ടാങ്കും തകർന്നു.
തൊട്ടടുത്ത് തന്നെയുള്ള പൂത്തോട്ടത്തിൽ അഷ്റഫിന്‍റെ വീടിനും കേടുപാടുകൾ സംഭവിച്ചു. വീടിന്‍റെ മേൽക്കൂരയിലെ ഓടുകൾ കാറ്റിൽ പറന്നു പോയി. മുറ്റത്ത് നിർത്തിയ കാറിന്‍റെ പിറകിലെ ഗ്ലാസും ഓട് വീണ് തകർന്നു. മാവൂർ കോഴിക്കോട് റോഡിൽ കാര്യാട്ട് റേഷൻ കടക്ക് എതിർവശത്ത് മാവ് കടപുഴകി റോഡിലേക്ക് വീണത് ഏറെ നേരം ഗതാഗതം തടസപ്പെടാനും ഇടയാക്കി.