കോഴിക്കോട് : മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് വീട്ടമ്മ മരിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞി സ്വദേശി സിന്ധു (45) ആണ് മരിച്ചത്. ബന്ധുക്കളുടെ പരാതിയിൽ മെഡിക്കൽ കോളജ് ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു. പനി ബാധിച്ച് ഇന്നലെ (ഒക്‌ടോബര്‍ 26) വൈകിട്ടാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മരുന്ന് മാറി കുത്തിവച്ചതാണ് സിന്ധു മരിക്കാന്‍ കാരണമെന്ന് ഭർത്താവ് രഘു പരാതിപ്പെട്ടു. കുത്തിവയ്‌പ്പ് എടുത്തയുടൻ യുവതി മരിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. അതേസമയം ഇന്നലെ വൈകുന്നേരം നൽകിയ അതേ മരുന്ന് തന്നെയാണ് ഇന്ന് രാവിലെയും നൽകിയത് എന്നും മരണകാരണത്തില്‍ വ്യക്തതയില്ലെന്നുമാണ് ഡോക്‌ടർ പറയുന്നത്.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം പ്രതികരിക്കാമെന്ന നിലപാടിലാണ് മെഡിക്കൽ കോളജ് അധികൃതർ.