കോഴിക്കോട്: ഹോട്ടൽ ഉടമ സിദ്ധിഖിനെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലുള്ള പ്രതികൾക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. ഫർഹാന, ഷിബിലി, ആഷിഖ് എന്നിവരുടെ തെളിവെടുപ്പിന് ഒരുങ്ങുകയാണ് പൊലീസ്. കൊലപാതകം നടന്ന കോഴിക്കോട്ടെ ഹോട്ടൽ, ഇലട്രിക് കട്ടർ, ട്രോളി എന്നിവ വാങ്ങിയ കടകൾ, മൃതദേഹം തള്ളിയ അട്ടപ്പാടി ചുരം എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തേണ്ടത്.
ഹണി ട്രാപ്പിലൂടെ 5 ലക്ഷം രൂപ തട്ടാനാണ് പ്രതികൾ ലക്ഷ്യമിട്ടത്. മുഖ്യ ആസൂത്രണം നടത്തിയത് ഫർഹാനയാണെന്നും വ്യക്തമായി. കൊലപാതകം നടന്ന എരഞ്ഞിപ്പാലത്തെ ഹോട്ടൽ മുറിയിൽ ആദ്യം എത്തിയത് ഫർഹാന ആയിരുന്നു. സിദ്ധിഖുമായി ഫർഹാന അരമണിക്കൂറോളം സംസാരിച്ചു. ഇതിന് പിന്നാലെയാണ് തൊട്ടടുത്ത മുറിയിൽ ഉണ്ടായിരുന്ന ഷിബിലി ഇവരുടെ മുറിയിലെത്തി. ഒടുവിൽ ആഷിഖ് എത്തിയതോടെയാണ് രംഗം വഷളായത്.
സിദ്ധിഖിന്‍റെ നഗ്നചിത്രം മൂവരും ചേർന്ന് എടുക്കാൻ ശ്രമിച്ചതോടെ വലിയ ബഹളം ഉണ്ടാവുകയായിരുന്നു. സിദ്ധിഖ് ചെറുത്തു നിന്നതോടെ ബാഗിൽ ഉണ്ടായിരുന്ന കത്തിയെടുത്ത് ഷിബിലി സിദ്ധിഖിന്‍റെ കഴുത്തിൽ വരഞ്ഞു. ചെറുത്തു നിൽപ്പ് തുടർന്നതോടെ ബാഗിൽ ഉണ്ടായിരുന്ന ചുറ്റിക ഫർഹാന ഷിബിലിക്ക് നൽകിയത്. ചുറ്റിക കൊണ്ട് തലക്ക് അടിയേറ്റാണ് സിദ്ധിഖിന്‍റെ ബോധം നഷ്‌ടപ്പെട്ടത്. ആഷിഖ് മുറിയിലെത്തി അഞ്ച് മിനിറ്റിനകം കൊലപാതകം നടന്നതായാണ് പൊലീസ് റിപ്പോർട്ട്.
Also Read: പിടിയിലാകുമ്പോൾ 16000 രൂപയും ട്രോളി ബാഗും: റെയില്‍വേ പൊലീസിന്‍റെ തന്ത്രപരമായ നീക്കം
കൃത്യം നടത്താനും അതിന് ശേഷം രക്ഷപെടാനും പ്രതികൾക്ക് ആരെങ്കിലും സഹായം നൽകിയോ എന്നതിലും പൊലീസ് അന്വേഷണം തുടരുകയാണ്. കൃത്യത്തിന് ശേഷം ഷിബിലിയുടെ പരിചയക്കാരനായ അസം സ്വദേശിയുടെ വീട്ടിലേക്ക് കടക്കാനാണ് പ്രതികൾ ശ്രമിച്ചത്. നേരത്തെ പെരിന്തൽമണ്ണയിൽ ഹോട്ടലിൽ ജോലി ചെയ്യുമ്പോഴാണ് ഇയാളെ ഷിബിലി പരിചയപ്പെട്ടത്. ഇതിന് പുറമെ ഫർഹാനയുടെ ഫോണിൽ നിന്ന് സംഭവ ദിവസം വിളിച്ച മറ്റൊരാളെ തേടിയും അന്വേഷണം നടക്കുന്നുണ്ട്.
മെയ് 18നാണ് തിരൂർ സ്വദേശിയായ റസ്റ്ററന്‍റ് ഉടമ സിദ്ധിഖ് വീട്ടിൽ നിന്നും കോഴിക്കോട്ടെ ഹോട്ടലിലേക്ക് പോയത്. ആഴ്‌ചകളോളം വീട്ടിൽ നിന്ന് വിട്ടു നിൽക്കുന്ന പതിവ് ഇദ്ദേഹത്തിനുണ്ടായിരുന്നെങ്കിലും ഇത്തവണ ഫോൺ സ്വിച്ച് ഓഫ് ആയത് കാരണം മകൻ പൊലീസിൽ പരാതി നൽകി. എടിഎമ്മിൽ നിന്നും പണം പിൻവലിച്ച സന്ദേശങ്ങളും മകന്‍റ ഫോണിൽ ലഭിച്ചിരുന്നു. ഇതാണ് സംശയത്തിന് കാരണമായത്.
സിദ്ധിഖിന്‍റെ രീതികൾ മനസിലാക്കിയ ഷിബിലി തന്ത്രപൂർവം നടത്തിയ നീക്കത്തിന്‍റെ ഭാഗമാണ് ഈ കൊലപാതകം. അട്ടപ്പാടി ചുരം ഒമ്പതാം വളവില്‍ നിന്നാണ് സിദ്ധിഖിന്‍റെ ശരീര ഭാഗങ്ങള്‍ അടങ്ങിയ ട്രോളി ബാഗുകള്‍ കണ്ടെടുത്തത്. റോഡില്‍ നിന്ന് അമ്പത് അടി താഴ്‌ചയിലുള്ള മന്തംപൊട്ടി തോട്ടിലാണ് ട്രോളി ബാഗുകള്‍ ഉപേക്ഷിച്ചത്. മലപ്പുറം എസ്‌പി സുജിത് ദാസിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് മൃതദേഹം കണ്ടെത്തിയത്.