പാതിവഴിയിൽ വിദ്യാഭ്യാസം ഉപേക്ഷിച്ച വിദ്യാർത്ഥികളെ പത്താംക്ലാസ് പരീക്ഷ എഴുതുന്നതിന് പരിശീലിപ്പിക്കുന്ന ഹോപ് പദ്ധതി നടക്കാവ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ചു. വിവിധ കാരണങ്ങളാൽ പത്താംക്ലാസ് പരീക്ഷ എഴുതാൻ സാധിക്കാതിരുന്ന വിദ്യാർത്ഥികളെയാണ് പദ്ധതിയിലുൾപ്പെടുത്തി പരിശീലിപ്പിക്കുന്നത്.
കോഴിക്കോട് സിറ്റിപൊലീസ് പരിധിയിലെ 26 വിദ്യാർത്ഥികളെയാണ് പത്താം ക്ലാസ് പരീക്ഷയ്ക്കായി സിറ്റി പൊലീസ് തയ്യാറെടുപ്പിക്കുന്നത്. 15 ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പിൽ ഒരു വിഷയത്തിന് രണ്ടുദിവസം ക്ലാസ് നൽകും. കുട്ടികളെ പരീക്ഷ എഴുതിക്കുന്നതിനോടൊപ്പം ആത്മ വിശ്വാസം വർദ്ധിപ്പിക്കുന്നതിനുള്ള കൗൺസിലിങ്ങും ഹോപ് പദ്ധതിയുടെ ഭാഗമായി നൽകുന്നുണ്ട്.
പലകാരണങ്ങളാൽ പഠനം മുടങ്ങിയ വിദ്യാർത്ഥികളെ കണ്ടെത്തി അവർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിച്ചു കുട്ടികളെ നേർവഴിക്കു നയിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പഠനം മുടങ്ങിയ വിദ്യാർത്ഥികൾ പലതരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. കുട്ടികൾ ഇത്തരത്തിൽ വഴിതെറ്റിപോകുന്നത് തടയാൻ പദ്ധതി ഏറെ ഗുണകരമാകുമെന്നാണ് പൊലീസ് കരുതുന്നത്. സംസ്ഥാന വ്യാപകമായി നടക്കുന്ന പദ്ധതി ജില്ലയിലെ സിറ്റിപൊലീസ് പരിധിയിൽ മാത്രമാണ് ഈവർഷം നടപ്പിലാക്കുന്നത്. വരും വർഷങ്ങളിൽ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാൻ കഴിയുമെന്നാണ് പൊലീസ് കരുതുന്നത്.