കോഴിക്കോട് : കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. കോഴിക്കോട് ജില്ലയിൽ മഴ തുടരുന്നതിനാൽ വെള്ളക്കെട്ടും ശക്തമായ കാറ്റുമുള്ളതുകൊണ്ടും, നദീതീരങ്ങളിൽ ക്രമാതീതമായി വെള്ളം ഉയരുന്ന സാഹചര്യവും കണക്കിലെടുത്താണ് പ്രൊഫഷണൽ കോളജ് ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ന് നടക്കുന്ന പി എസ് സി പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല.
ജില്ലയിലെ അങ്കണവാടികള്‍ക്കും ഈ അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകളിൽ മാറ്റമുണ്ടാകില്ല. അവധിയായതിനാൽ കുട്ടികൾ അനാവശ്യമായി പുറത്തിറങ്ങുന്നത് രക്ഷിതാക്കൾ നിയന്ത്രിക്കണമെന്നും പരിസരങ്ങളിലെ പുഴകളിലോ നദീതടങ്ങളിലോ ഒരു കാരണവശാലും ഇറങ്ങരുതെന്നും ജാഗ്രത പുലർത്തണമെന്നും അധികൃതർ അഭ്യർഥിക്കുന്നു.
വയനാട് ജില്ലയിലും പ്രൊഫഷണല്‍ കോളജുകള്‍ ഉൾപ്പടയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ല കലക്‌ടര്‍ ഡോ. രേണു രാജ് അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പിഎസ്‌സി പരീക്ഷകള്‍ക്കും അവധി ബാധകമല്ലെന്ന് കലക്‌ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കണ്ണൂര്‍ ജില്ലയില്‍ കാലവര്‍ഷം ശക്‌തി പ്രാപിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അങ്കണവാടി, ICSE/CBSE സ്‌കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കം) കലക്‌ടർ അവധി പ്രഖ്യാപിക്കുകയായിരുന്നു.
ഇന്നത്തെ അവധി കാരണം നഷ്‌ടമാകുന്ന ക്ലാസുകൾ ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും പ്രസ്‌താവനയിൽ നിർദേശമുണ്ട്. വിദ്യാര്‍ഥികളെ മഴക്കെടുതിയില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കണം.
മഴ ഭീഷണിയിൽ വടക്കൻ കേരളം : ചെറിയ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്നാണ് കലാവസ്ഥ വകുപ്പ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. വടക്കന്‍ കേരളത്തിലാണ് അതിശക്തമായ മഴ ഭീഷണി നിലനിൽക്കുന്നത്. ന്യൂനമര്‍ദവും ചക്രവാതച്ചുഴിയുടെ സാന്നിധ്യവുമാണ് വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകാന്‍ കാരണം. മഴയുടെ സാധ്യത കണക്കിലെടുത്ത് ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും നാളെ ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും 26ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഛത്തീസ്‌ഗഡിനും വിദർഭയ്ക്കും മുകളിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. തെക്ക് കിഴക്കൻ രാജസ്ഥാനും വടക്ക് കിഴക്കൻ ഗുജറാത്തിനും തെക്ക് പടിഞ്ഞാറൻ മധ്യപ്രദേശിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിന് പുറമെ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയുള്ളതായും അധികൃതർ വ്യക്തമാക്കുന്നു. ഇതിന്‍റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴയ്‌ക്ക് സാധ്യത ഉടലെടുത്തതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മത്സ്യബന്ധനത്തിന് പോകുന്നതിൽ നിയന്ത്രണം: കാലാവസ്ഥ പ്രതികൂലമായതിനാൽ കേരളം, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മീതെ ഒഡിഷ - ആന്ധ്രാപ്രദേശ് തീരത്തിന് സമീപം ഇന്ന് പുതിയൊരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.