കോഴിക്കോട്: വസന്ത കാലത്തെ വരവേറ്റുകൊണ്ട് രാജ്യം നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷത്തിലാണ്. തണുപ്പ് കാലത്തിന്‍റെ അവസാനവും വസന്തത്തിന്‍റെ വരവ് വിളിച്ചറിയിക്കുന്ന ആഘോഷമാണ് ഹോളി. വനിത ദിനം കൂടിയായ ഇന്ന് സ്ത്രീകൾക്കായി ഹോളി ആഘോഷം ഒരിക്കിയിരിക്കുകയാണ് തളി വൈരാഗി മഠത്തിൽ.
ഫാല്‍ഗുന മാസത്തിലെ പൗര്‍ണ്ണമി ദിനത്തിലാണ് ഹോളി ആഘോഷിക്കുന്നത്. നിറങ്ങളുടെ ഉത്സവം എന്നും വസന്തോത്സവം എന്നും വിശേഷിപ്പിക്കുന്ന ഹോളി ഉത്തരേന്ത്യയിലാണ് പ്രധാനമായും ആഘോഷിച്ചുവരുന്നത്. ആഹ്‌ളാദാരവങ്ങളില്‍ പരസ്‌പരം നിറങ്ങള്‍ വാരിത്തേച്ച് നിറങ്ങളില്‍ നീരാടിയാണ് ഹോളി ആഘോഷിക്കാറുള്ളത്.
ആദ്യത്തെ ദിനത്തെ ഹോളികാ ദഹന്‍, ചോട്ടി ഹോളി എന്നും രണ്ടാം ദിനത്തെ രംഗ്വാലി ഹോളി എന്നും അറിയപ്പെടുന്നു. ഹോളിയുടെ ആദ്യ ദിനത്തില്‍ വൈകുന്നേരം ആളുകള്‍ കൂട്ടമായി ഹോളിക ദഹന ചടങ്ങില്‍ പങ്കെടുത്ത് ജീവിത വിജയത്തിനും സമൃദ്ധിക്കുമായി പ്രാര്‍ത്ഥിക്കുന്നു. ഹോളികയെന്ന രാക്ഷസിയെ സങ്കല്പ്പിച്ച്, അഗ്‌നിക്കിരയാക്കുന്നതാണ് ചടങ്ങ്.
ഹോളി കുടുംബ ബന്ധങ്ങളുടെ ആഘോഷം: മനസിലെ ആന്ധകാരവും ശത്രുതയും എല്ലാം കളഞ്ഞ് വെളിച്ചവും സ്‌നേഹവും പ്രദാനം ചെയ്യുക എന്നതാണ് ഹോളി ആഘോഷങ്ങളുടെ പ്രധാന ഉദ്ദേശം. പൊറുക്കാനും ക്ഷമിക്കാനുമുള്ള ഒരു ദിവസം. ഹോളിയില്‍ പരസ്‌പരം നിറങ്ങള്‍ വാരിവിതറുന്നത് ശത്രുത ഇല്ലാതാക്കുമെന്നും മനസിലെ അന്ധകാരം അകന്ന് വെളിച്ചമുണ്ടാകുമെന്നുമാണ് വിശ്വാസം.
വനിതാ ദിനം കൂടിയായ ഇന്ന് തളി വൈരാഗി മഠത്തിൽ സ്ത്രീകൾക്ക് മാത്രമായി ഹോളി ആഘോഷിക്കുവാനുള്ള അവസരവും ഒരുക്കി നൽകിയിരുന്നു. കുട്ടികളടക്കം നിരവധി പേരാണ് വർണ്ണങ്ങൾ വാരിയെറിഞ്ഞും മുഖത്ത് ചായങ്ങൾ പുരട്ടിയും ഹോളി ആഘോഷിച്ചത്.
കൃഷ്‌ണ രാധ പ്രേമത്തിന്‍റെ ആഘോഷം: പ്രേമത്തിന്‍റെ ഉത്സവമെന്നും ഹോളി അറിയപ്പെടുന്നു. ഹിന്ദുമതവിശ്വാസവുമായി ബന്ധപ്പെട്ട ഒരു പ്രധാനപ്പെട്ട ഉത്‌സവങ്ങളില്‍ ഒന്നാണ് ഹോളി. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഹോളി ഭഗവാന്‍ കൃഷ്‌ണന്‍റെ രാധയുമായുള്ള പരിശുദ്ധവും അനശ്വരവുമായ പ്രണയത്തിന്‍റെ ആഘോഷമാണ്.
ലോകമെമ്പാടുമുള്ള ഹിന്ദു മത വിശ്വാസികള്‍ ഹോളി ആഘോഷിക്കുന്നു. വസന്തകാലത്തെ വരവേറ്റുകൊണ്ടാണ് ഹോളി ഇന്ത്യയില്‍ ആഘോഷിക്കുന്നത് വ്യാപകമായാണ്. ബന്ധങ്ങളില്‍ ഉണ്ടായ വിള്ളലുകള്‍ പരിഹരിച്ച് അവരുമായി അടുക്കാനുള്ള ദിവസമായും പലരും ഹോളിയെ കാണുന്നു. ഒരു രാത്രിയും ഒരു പകലും നീണ്ട് നില്‍ക്കുന്നതാണ് ഹോളി. ഹോളിയുടെ രാവില്‍ പല പൂജ കര്‍മങ്ങളിലും ആളുകള്‍ പങ്കെടുക്കുന്നു.
വലിയ ഘോഷയാത്രകള്‍: രാജ്യത്തിന്‍റെ പല ഭാഗത്തും വലിയ ഘോഷയാത്രകളും ഹോളിയുടെ ഭാഗമായി നടക്കുന്നു. ആടിയും പാടിയും പരസ്‌പരം ചായങ്ങള്‍ വാരിയെറിഞ്ഞുമാണ് ആളുകള്‍ ഹോളി ആഘോഷിക്കുക. ഉത്തര്‍പ്രദേശിലെ വൃദ്ധാവന്‍, മഥുര എന്നിവിടങ്ങളില്‍ ബൃഹത്തായും വളരെ വേറിട്ട രീതിയിലുമാണ് ഹോളി ആഘോഷിക്കുന്നത്. അവിടങ്ങളില്‍ ആഘോഷം ഒരാഴ്‌ചയോളം നീണ്ട് നില്‍ക്കുന്നു.
ആഘോഷം തുടങ്ങുന്നതിന് മുമ്പായി വഴിയോരങ്ങളില്‍ ചായങ്ങളും, വെള്ളം നിറച്ചുള്ള കളിതോക്കുകളും വ്യാപകമായി വിറ്റഴിക്കുന്നു. ഹോളി ദിവസം ആളുകള്‍ പരസ്‌പരം മുഖത്ത് വിതറുന്ന ചുവന്ന നിറത്തിലുള്ള പൗഡര്‍ സമ്പത്തിനേയും, ശക്തിയേയും പ്രതിനിധാനം ചെയ്യുന്നു. കുട്ടികള്‍ വലിയ ആവേശത്തിലാണ് ഹോളി ആഘോഷിക്കുന്നത്. അവര്‍ പരസ്‌പരം ആടിതിമര്‍ത്തും ചായങ്ങള്‍ തേച്ചും ആഘോഷത്തില്‍ പങ്കാളികളാകുന്നു.