കോഴിക്കോട്: ഇരുചക്ര വാഹനങ്ങളില്‍ പിൻസീറ്റിലെ യാത്രക്കാർക്കും ഹെൽമെറ്റ് നിർബന്ധമാക്കിയത് സുരക്ഷയെ കരുതി ആശ്വാസമാണെങ്കിലും യാത്രികരില്‍ ഭൂരിഭാഗവും അതിനെ അനുകൂലിക്കുന്നില്ല. ഒരു വാഹനത്തിൽ രണ്ട് ഹെൽമെറ്റുമായി യാത്ര ചെയ്യേണ്ടി വരുന്നതിന്‍റെ പ്രയാസമാണ് പൊതുജനം പങ്കുവയ്ക്കുന്നത്.
ഒരാളെ ബൈക്കിൽ ലക്ഷ്യസ്ഥാനത്തിറക്കി തിരിച്ചു വരുമ്പോൾ രണ്ടാമത്തെ ഹെൽമെറ്റ് എങ്ങനെ സൂക്ഷിക്കുമെന്നാണ് യാത്രികർ ചോദിക്കുന്നത്. മാത്രവുമല്ല, ഇരുചക്ര വാഹനത്തിൽ ഒരാൾക്ക് ഇനി ലിഫറ്റ് കൊടുക്കാൻ കഴിയാത്ത അവസ്ഥയാണെന്നും ആക്ഷേപമുണ്ട്. എന്നാൽ കേരളത്തിലെ റോഡുകളുടെ ഗുണനിലവാരം ഉറപ്പാക്കിയ ശേഷം ഇത്തരം നിയമങ്ങൾ പ്രാവർത്തികമാക്കണമെന്നാണ് ബൈക്ക് യാത്രികരുടെ അഭിപ്രായം.
ആദ്യ ഘട്ടം പൊലീസ് പരിശോധന ആരംഭിച്ചതിന്‍റെ ആശങ്കകൾ പങ്കുവയ്ക്കുമ്പോഴും നിയമം പാലിച്ച് മാത്രമേ ഇനി നിരത്തിലിറങ്ങൂവെന്നാണ് ഇരുചക്ര വാഹന യാത്രക്കാർ പറയുന്നത്. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കാൻ തന്നെയാണ് പൊലീസും തീരുമാനിച്ചിട്ടുള്ളത്.