കോഴിക്കോട് : കമ്മ്യൂണിസ്റ്റ് പാർട്ടി മതവിശ്വാസത്തിന് എതിരല്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍റെ പ്രസ്‌താവന ചതിക്കുഴിയെന്ന് ഇ കെ സുന്നി നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ്. സിപിഎമ്മിൽ ചേരുന്ന വിശ്വാസികളെ കാലക്രമേണ മത നിഷേധികളാക്കി പാർട്ടി മാറ്റുമെന്ന് ഹമീദ് ഫൈസി ആരോപിച്ചു. സമസ്‌ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങളുമായി അടുപ്പം പുലർത്തുന്ന നേതാവാണ് ഹമീദ് ഫൈസി.
കോഴിക്കോട്ട് സിപിഎം ജില്ലാ സമ്മേളനവേദിയിലാണ് മതവിശ്വാസത്തെ പാർട്ടി അംഗീകരിക്കുന്നുവെന്ന് കോടിയേരി തുറന്ന് സമ്മതിച്ചത്. മതവിശ്വാസികൾക്ക് പാർട്ടി അംഗത്വം നൽകുന്നതിന് തടസമില്ല. മറിച്ച് പ്രചരിപ്പിക്കുന്നവർ വിശ്വാസികളെ പാർട്ടിയിൽ നിന്ന് അകറ്റാനാണ് ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞിരുന്നു. പാതിരിമാർക്കും പാർട്ടിയിൽ ചേരാം എന്ന ലെനിൻ്റെ വാക്കുകൾ ഉദ്ധരിച്ചായിരുന്നു കോടിയേരിയുടെ പ്രസംഗം.
Also Read:ലീഗിനോടുള്ള നിലപാടില്‍ മാറ്റമില്ലെന്നത് വളച്ചൊടിച്ചു ; ചന്ദ്രികയ്‌ക്കെതിരെ സമസ്‌ത
അതേസമയം മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന കാറൽ മാർക്‌സിൻ്റെ സിദ്ധാന്തം ഉയർത്തിയാണ് ഹമീദ് ഫൈസി അമ്പലക്കടവ് കോടിയേരിയുടെ പ്രസ്താവനയെ ഖണ്ഡിച്ചത്. എല്ലാ കമ്മ്യൂണിസ്റ്റുകളും നിരീശ്വരവാദികളല്ലെന്നും യോജിക്കുന്നതിൽ തെറ്റില്ലെന്നും സുന്നി നേതാവ് സമദ് പൂക്കോട്ടുർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു കോടിയേരിയുടെ പ്രസ്താവന.