കോഴിക്കോട്: മലബാറിന്‍റെ വ്യാപാര ഭൂമികയിൽ തിളക്കമാർന്ന സമ്പന്ന കാലം സമ്മാനിച്ചവരായിരുന്നു ഗുജറാത്തികൾ. നൂറ്റാണ്ടുകൾക്ക് മുമ്പ് വ്യാപാരത്തിനായി ഗുജറാത്തിലെ കച്ചിൽ നിന്നാണ് ഇവർ കോഴിക്കോടെത്തിയത്. പിന്നീട് കുടുംബമായി ഇവിടെ സ്ഥിര-താമസമാക്കിയവർ കോഴിക്കോടിന്‍റെ ഭാഗമായി.
അവർ ഒന്നിച്ച് താമസിക്കുന്ന പ്രദേശം 'ഗുജറാത്തി സ്ട്രീറ്റ്' (Gujarati Street) എന്ന പേരിൽ അറിയപ്പെട്ടു. എന്നാൽ വ്യാപാര രംഗത്ത് സമൃദ്ധി നൽകിയ ഗുജറാത്തി സ്ട്രീറ്റ് ഇന്ന് തകർച്ചയിലാണ്. പേരിനും പെരുമയ്ക്കും മങ്ങലേറ്റ സ്ട്രീറ്റിനെ നവീകരിക്കാനുള്ള പദ്ധതികളും വിജയം കണ്ടില്ല.
ലോക സഞ്ചാരികളും യൂറോപ്യന്‍മാരും കോഴിക്കോട്ടെത്തും മുമ്പ് ഇവിടെയെത്തിയ അന്യനാട്ടുകാരാണ് ഗുജറാത്തികള്‍. 1498-ല്‍ വാസ്‌ഗോഡ ഗാമ കാപ്പാട് എത്തിയപ്പോള്‍ അദ്ദേഹത്തെ ഒരു ഗുജറാത്തിയാണ് സ്വീകരിച്ചതെന്ന് കോഴിക്കോടിന്‍റെ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഉത്തരേന്ത്യന്‍ ആഘോഷങ്ങളുടെ ഇടം
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സ്വന്തം ജീവിത ശൈലിയില്‍ മാറ്റം വരുത്താതെ ചുരുക്കം ചില ഗുജറാത്തികൾ മലയാള മണ്ണില്‍ തുടരുന്നുണ്ട്. ഉത്തരേന്ത്യന്‍ ആഘോഷങ്ങളെല്ലാം ഗുജറാത്തി സട്രീറ്റിലും പതിവ് കാഴ്ചയാണ്. ഹോളി, ദീപാവലി എന്നിവ കോഴിക്കോട്ടുകാര്‍ക്ക് ഗുജറാത്തികള്‍ക്കൊപ്പം ചേര്‍ന്നുള്ള ആഘോഷമാണ്.
വ്യാപാര വിപണന രംഗത്തെ സമൃദ്ധിയും സുരക്ഷിതത്വവുമൊക്കെയാണ് ഗുജറാത്തികളെ ഇവിടെ സ്ഥിരമായി താമസമുറപ്പിക്കാന്‍ പ്രേരിപ്പിച്ചത്. ആദ്യകാലത്ത് ഗുജറാത്തി സ്ട്രീറ്റില്‍ നിറയെ പാണ്ടികശാലകള്‍ ആയിരുന്നു, മുകളില്‍ താമസവും താഴെ കച്ചവടവും എന്ന രീതിയിലായിരുന്നു അക്കാലത്ത് തെരുവുകള്‍.
അന്ന് പല ഗുജറാത്തികള്‍ക്കും സ്വന്തമായി ചരക്കുകപ്പലുകള്‍ വരെ ഉണ്ടായിരുന്നു. ഇവിടെ നിന്നും സുഗന്ധ വ്യഞ്ജനങ്ങളും നാളികേരവും ചൂടിയും മരത്തടികളും ഒക്കെ മറ്റ് കയറ്റി അയച്ചിരുന്നത് ഗുജറാത്തികളാണ്. അവരില്‍ ചുരുക്കം ചിലര്‍ ഇന്നും വലിയങ്ങാടിയിലുണ്ട്.
ഓർമകൾ പറഞ്ഞ് വിജയ് സിംഗ്
അരിക്കച്ചവടമാണ് വിജയ്‌സിങ് ചെയ്‌തിരുന്നത്. ആദ്യകാലങ്ങളില്‍ നിരവധി ഉല്‍പ്പന്നങ്ങള്‍ ഇവിടെ നിന്നും കയറ്റിയയ്ക്കുകയും ഇറക്കുമതി ചെയ്യുകയും ചെയ്ത വിജയ് സിംഗിന് പ്രതാപകാലത്തെക്കുറിച്ചും ഇപ്പോഴത്തെ തകർച്ചയെ കുറിച്ചും പറയാന്‍ ഒരുപാടുണ്ട്.
1949 ൽ തന്‍റെ ഒമ്പതാം വയസിൽ കോഴിക്കോട്ട് എത്തിയതാണ് വിജയ് സിംഗ്. 1957 മുതൽ കച്ചവട രംഗത്തുണ്ട്. കോഴിക്കോട് തുറമുഖം അടഞ്ഞ് പോയതോടെയാണ് ഇവിടുത്തെ വ്യാപാരവും മന്ദഗതിയിലായതെന്ന് വിജയ് സിംഗ് അടിവരയിട്ട് പറയുന്നു.
ഒരു ഭാഗത്ത് കൊച്ചിയിലും മറുഭാഗത്ത് മംഗലാപുരത്തും തുറമുഖങ്ങൾ സജീവമായതോടെ കോഴിക്കോടിൻ്റെ പ്രസക്തി നഷ്ടപ്പെട്ടു. ബേപ്പൂർ തുറമുഖം പ്രതീക്ഷിച്ച രീതിയിൽ ഉയർന്ന് വന്നതുമില്ല. കടൽമാർഗ്ഗമുള്ള ചരക്ക് നീക്കത്തിന് ചെലവ് കുറവായിരുന്നു.
എന്നാൽ അത് പൂർണ്ണമായും റോഡ് മാർഗമായതോടെ കൂലി ചെലവ് താങ്ങാൻ പറ്റാതെയായി. തൊഴിലാളി പ്രശ്നവും വർധിച്ചതോടെ വെട്ടിലായത് ഗുജറാത്തികളാണെന്ന് വിജയ് സിംഗ് പറയുന്നു.
സുഗന്ധ വ്യഞ്ജന വിപണി ഇടിയുന്നു
കേരളത്തിൽ കൃഷി രംഗത്ത് ഉണ്ടായത് വലിയ മന്ദീഭവമാണ്. സുഗന്ധ വ്യഞ്ജനങ്ങളുടെ വിപണി പാടേ തകർന്നു. കൂലി വർധനവാണ് ഒട്ടുമിക്ക പേരേയും കൃഷിയിടങ്ങളിൽ നിന്ന് പിന്തിരിപ്പിച്ചത്. കേരം തിങ്ങും കേരള നാട്ടിൽ തേങ്ങ ആർക്കും വേണ്ടാത്ത അവസ്ഥയാണ്. പാണ്ടികശാലകളിലേക്ക് കൊപ്രയുടെ വരവ് തീർത്തും കുറഞ്ഞു.
ഗുജറാത്തി സ്ട്രീറ്റ് വിടുന്ന ഗുജറാത്തികള്‍
തേങ്ങ സംഭരിച്ച് തമിഴ്‌നാട്ടിൽ കൊണ്ടുപോയി കൊപ്രയാക്കി കൊണ്ടുവരുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇവിടുത്തെ കൂലി ചെലവ് താങ്ങാൻ പറ്റാത്തതാണ് പ്രധാന പ്രശ്നം. 1400 ലേറെ കുടുംബങ്ങൾ താമസിച്ചിരുന്ന ഗുജറാത്തിൽ സ്ട്രീറ്റിൽ ഇന്ന് അവശേഷിക്കുന്നത് 22 കുടുംബങ്ങൾ മാത്രം.
പുതിയ താമസക്കാർ ആരും സ്ട്രീറ്റിലേക്ക് വരാൻ തയ്യാറാകുന്നില്ല. കുട്ടികൾ പഠനം കഴിഞ്ഞയുടൻ നാട് വിടുകയാണ്. കേരളത്തിൽ തൊഴിൽ അവസരങ്ങൾ ഇല്ലാത്തതാണ് പ്രധാന കാരണം. ഉന്നത പഠനത്തിനായി മറ്റ് സംസ്ഥാനങ്ങളിലേക്ക് ചേക്കേറിയവർ കേരളത്തിലേക്ക് തിരിച്ച് വരാറെയില്ലെന്ന് വിജയ് സിങ് പറയുന്നു.
അതേസമയം വയോധികർക്ക് താമസിക്കാൻ കേരളം നല്ലയിടമാണെന്നും വിജയ് സിംഗ് പറയുന്നു. വ്യാപാര ആവശ്യങ്ങൾക്ക് മാത്രമായാണ് ഗുജറാത്തികൾ കേരളത്തിലേക്ക് എത്തിയത്. ബംഗാളികളും ബിഹാറികളും എത്തിയത് പോലെ തൊഴിലാളികളായല്ല. സാമൂതിരിയുടെ കാലത്തെ വ്യാപാരം തുടങ്ങിയ ഗുജറാത്തികൾക്ക് ഭരണാധികാരികളുടെ ഭാഗത്ത് നിന്നും വലിയ പിന്തുണ ലഭിച്ചിരുന്നു.
കൂലി വർധനവും തൊഴിൽ സമരങ്ങളും വിലങ്ങുതടിയാകുന്നു
ജോലി തേടിയെത്തിയ ഇതര സംസ്ഥാനക്കാർക്ക് ജോലി കൊടുക്കേണ്ട അവസ്ഥയിലാണ് ഇന്ന് ഗുജറാത്തികൾ. കൂലി വർധനവും തൊഴിൽ സമരങ്ങളും താങ്ങാൻ പറ്റുന്നതിന് അപ്പുറമാണ്. മലയാളികൾക്ക് കേരളത്തിൽ ജോലി ചെയ്യാൻ മടിയാണ്.
സമയം നോക്കി ജോലി ചെയ്യുന്നവരാണ് മിക്കവരും. അതേ സമയം നാട് വിട്ടാൽ എത്ര സമയം വേണമെങ്കിലും ഏത് ജോലിയും ചെയ്യാൻ മലയാളികൾ തയ്യാറാണെന്നും വിജയ് സിംഗ് കൂട്ടിച്ചേർത്തു.
തകർച്ചയുടെ വഴിയില്‍
ഗുജറാത്തി സ്ട്രീറ്റിനെ പൈതൃക തനിമയോടെ നവീകരിക്കാനുള്ള പദ്ധതിക്ക് ജില്ല ഭരണകൂടം രൂപരേഖ തയ്യാറാക്കിയിരുന്നു. ഏഴ് കോടി രൂപ ഇതിനായി നീക്കിവെയ്ക്കുകയും ചെയ്തു. എന്നാൽ സ്ട്രീറ്റ് നിവാസികളുടെ അഭിപ്രായം മറികടന്ന് ഇവിടം വിനോദ സഞ്ചാര കേന്ദ്രമാക്കാനുള്ള നീക്കത്തെ ഗുജറാത്തികൾ എതിർത്തതോടെയാണ് പദ്ധതി ഉപേക്ഷിച്ചത്.
കെട്ടിടങ്ങളുടെ പഴക്കവും ഭീഷണി
നൂറ്റാണ്ടുകൾ പഴക്കമുള്ള സ്ട്രീറ്റിലെ കെട്ടിടങ്ങളുടെ അവസ്ഥ അതിദയനീയമാണ്. ഇടുങ്ങിയ പൊട്ടിപ്പൊളിഞ്ഞ സഞ്ചാരപാതകളും. എല്ലാ അർത്ഥത്തിലും തകർന്ന് കൊണ്ടിരിക്കുന്ന ഈ പ്രദേശത്തെ പരിരക്ഷിക്കാൻ ഇനിയും കഴിയുമോ എന്ന ചോദ്യത്തിന്, ആർക്കും വ്യക്തമായൊരു മറുപടിയില്ല.