കോഴിക്കോട്: മതിലുകൾ പലവിധം നമ്മൾ കണ്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്.. എന്നാൽ എലത്തൂരിലെ മൊഞ്ഞാക്കയുടെ മതിൽ അതിൽ നിന്നെല്ലാം വ്യത്യസ്‌തമാണ്. സസ്യശേഖരത്തിൻ്റെ ഹരിത മതിലാണിത്. കുറ്റിച്ചെടികളിൽ പടർന്ന് കിടക്കുന്ന ഈ വള്ളിമതിലിന് പ്രായം മുപ്പത് കടന്നിരിക്കുന്നു.
ഇ.സി ഹൗസിനെ 'എ.സി' ഹൗസാക്കുന്ന ഹരിത മതില്‍
പെയിൻ്റിങ് തൊഴിലാളിയായ എലത്തൂർ കോവിൽ റോഡിൽ ഇ.സി മൊയ്‌തീന്‍ കോയ നാല് മണി പ്ലാൻ്റ് വള്ളികൾ നട്ടതാണ് തുടക്കം. ഇത് പടരാൻ തുടങ്ങിയതോടെ ചേർത്ത് നിർത്താൻ കുറ്റിച്ചെടികളും ഔഷധ സസ്യങ്ങളും നട്ടു. ദിനംപ്രതിയുള്ള പരിപാലനത്തിനൊടുവിൽ വീടിന് ചുറ്റും ഇതൊരു വേലിയായി ഉയർന്നു. ഇപ്പോൾ ഒരാൾ പൊക്കത്തിൽ ഒന്നരയടി വീതിയിൽ 75 മീറ്റർ നീണ്ട് കിടക്കുന്നു.
ഒമ്പത് സെൻ്റിൽ പുരയിടം കഴിഞ്ഞാലുള്ള സ്ഥലത്തെ മരങ്ങളിലും വള്ളികൾ പടർന്ന് പന്തലിച്ച് നിൽക്കുന്നു. വൃത്തിയുടെ പര്യായമായ 'ഇ.സി ഹൗസിൽ' എപ്പോഴും കുളിരേകുന്ന അന്തരീക്ഷമാണ്. ഈ പച്ചപ്പ് നൽകുന്ന ശുദ്ധവായുവാണ് തൻ്റെ കുടുംബത്തിൻ്റെ ആരോഗ്യമെന്നും മൊയ്‌തീന്‍ കോയ വിശ്വസിക്കുന്നു. കത്തിയോ കത്രികയോ ഉപയോഗിക്കാതെ കൈകൊണ്ടാണ് മതിൽ പരിപാലനം.
ലഭിക്കുന്നത് മാനസിക ഉന്മേഷമെന്ന സമ്പാദ്യം
ഒരു തണ്ടു പോലും പൊട്ടിക്കാതെ ചേർത്തു വെയ്ക്കും മക്കളെ പോലെ. പച്ചവെള്ളത്തിൽ കഞ്ഞിവെള്ളം കൂടി ചേർത്ത് കൈ കൊണ്ട് കുടഞ്ഞാണ് നനയ്ക്കുന്നത്. ഉണങ്ങി വീഴുന്ന ഇലകൾ കരിച്ച് വളവും നൽകും. എല്ലാറ്റിനും കൂട്ടായി ഭാര്യ റസിയയും ഒപ്പമുണ്ട്. മൂന്ന് മക്കൾ നൽകുന്നതും വലിയ പ്രാത്സാഹനം.
ഹരിത സംരക്ഷകനായ മൊയ്‌തീന്‍ കോയയെ തേടി പുരസ്‌കാരങ്ങളുമെത്തി. മതിലിന് പ്രചാരമേറിയതോടെ സന്ദർശകരുടെ എണ്ണവും വർധിച്ചു. വീട്ടിലെത്തുന്നവരുടെ അഭിപ്രായം രേഖപ്പെടുത്താൻ ഒരു ഡയറിയും നാട്ടുകാരുടെ പ്രിയപ്പെട്ട മൊഞ്ഞാക്ക സൂക്ഷിക്കുന്നുണ്ട്. മണിപ്ലാൻ്റ് തളിർത്ത് വളർന്നതോടെ പണത്തിനും മുട്ട് വന്നില്ല എന്ന് പറയുന്ന ഈ അറുപത്തിരണ്ടുകാരൻ അതിലേറെ പ്രാധാന്യം നൽകുന്നത് മാനസിക ഉന്മേഷമെന്ന സമ്പാദ്യത്തിനാണ്.