കോഴിക്കോട്: ജില്ലയിൽ രണ്ടിടത്ത് പക്ഷിപനി പടരുന്ന സാഹചര്യത്തിൽ കോഴികളെ കൊന്നൊടുക്കാൻ തീരുമാനമായി. വേങ്ങേരിയിലും വെസ്റ്റ് കൊടിയത്തൂരിലും ഒരു കിലോമീറ്റർ ചുറ്റളവിലെ കോഴികളെ കൊല്ലാനാണ് തീരുമാനമായത്. കോഴി ഫാമുകളിലേയും വീടുകളിലേയും കോഴികളെയാണ് മൂന്ന് ദിവസത്തിനുള്ളിൽ കൊല്ലുക. ഇതിനായി 25 അംഗ റാപിഡ് റെസ്പോണ്‍സ് സംഘത്തെ സജ്ജമാക്കിയതായി മൃഗസംരക്ഷണ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. എം.കെ. പ്രദീപ് കുമാർ അറിയിച്ചു.
ഇന്ന് വൈകുന്നേരത്തോടെ റാപ്പിഡ് റെസ്പോൺസ് സംഘം രണ്ട് പ്രദേശങ്ങളിലുമെത്തി ജനങ്ങളെ കാര്യങ്ങൾ ധരിപ്പിക്കും. തുടർന്ന് നാളെ മുതൽ പ്രവർത്തനം തുടങ്ങും. പ്രദേശത്തെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള കോഴിക്കടകൾ ഇനിയൊരു അറിയിപ്പ് ലഭിക്കുന്നത് വരെ അടച്ചിടാൻ ജില്ലാ ഭരണകൂടം നിർദ്ദേശിച്ചിട്ടുണ്ടെന്ന് കളക്ടർ എസ്. സാംബശിവ റാവു അറിയിച്ചു.