കോഴിക്കോട്: മത്സ്യത്തൊഴിലാളികൾക്ക് അടിയന്തരമായി സഹായം എത്തിക്കാൻ സര്‍ക്കാര്‍ തയ്യാറാകണമെന്ന് വടകര നിയുക്ത എം.എൽ.എ കെ.കെ രമ. ലോക്ക്ഡൗണും ഒപ്പം ശക്തമായ കടൽക്ഷോഭവും കാരണം മത്സ്യത്തൊഴിലാളികളുടെ ജീവിതം പരിതാപകരമാണെന്നും അവര്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ പറഞ്ഞു.
ALSO READ: ട്രിപ്പിൾ ലോക്ക് ഡൗൺ; മലപ്പുറം- കോഴിക്കോട് അതിർത്തിയിൽ പൊലീസ് പരിശോധന കർശനം
സഹായ നിധിയിൽ നിന്ന് മെയ് അവസാനമായിട്ടും ഇതുവരെ ഒരു ഗഡു പോലും കിട്ടിയിട്ടില്ല. സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെയുള്ള ആറു മാസം മത്സ്യത്തൊഴിലാളികൾ നൽകുന്ന 250 രൂപയിൽ നിന്നാണ് മാർച്ച് മുതൽ ജൂൺ വരെ മൂന്ന് ഗഡുക്കളായി 1500 രൂപ വീതം സർക്കാർ ഇവർക്ക് നൽകുന്നത്. സാഹചര്യത്തിന്‍റെ ഗൗരവം ഉൾക്കൊണ്ട് സഹായ വിതരണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്ന് രമ കത്തിലൂടെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പൊടുന്നനെയുണ്ടായ കടലാക്രമണം കാരണം മത്സ്യബന്ധന ഉപകരണങ്ങളും മറ്റും നശിച്ച അവസ്ഥയിലാണ്. മത്സ്യത്തൊഴിലാളി സമ്പാദ്യ ആശ്വാസ പദ്ധതിയിലെ തുക ഉടൻ വിതരണം ചെയ്യാനുള്ള നടപടിയുണ്ടാകണമെന്നും കെ.കെ രമ ആവശ്യപ്പെട്ടു.
കത്തിന്‍റെ പൂര്‍ണരൂപം.
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെ അറിവിലേക്ക്.
കൊവിഡ് കാലത്ത് ഏറെ പ്രയാസമനുഭവിക്കുന്ന മത്സ്യതൊഴിലാളികൾക്ക് അവർക്ക് അർഹമായ സമ്പാദ്യ ആശ്വാസ ഫണ്ടിൽ നിന്നും ഇതുവരെ ഒരു രൂപ പോലും ഈ കാലയളവിൽ ലഭിച്ചിട്ടില്ല. വർഷത്തിൽ സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെയുള്ള ആറ് മാസം മത്സ്യതൊഴിലാളികൾ നൽകുന്ന 250 രൂപയിൽ നിന്നാണ് മാർച്ച് മുതൽ ജൂൺ വരെ മൂന്ന് ഗഡുക്കളായി 1500 രൂപ വീതം സർക്കാർ ഇവർക്ക് നൽകുന്നത്. ലോക്ക്ഡൗണും ഒപ്പം ശക്തമായ കടൽക്ഷോഭവും കാരണം മത്സ്യതൊഴിലാളികളുടെ ജീവിതം ഏറെ പരിതാപകരമായ അവസ്ഥയിലാണ്. മെയ് അവസാനമായിട്ടും ഇതുവരെ ഒരു ഗഡു പോലും അനുവദിക്കാത്തത് തൊഴിലാളികൾ ജനപ്രതിനിധിയെന്ന നിലയിൽ എന്‍റെ ശ്രദ്ധയിൽ പെടുത്തിയത് അറിയിക്കുകയാണ്. പൊടുന്നനെയുണ്ടായ കടലാക്രമണം കാരണം മത്സ്യബന്ധന ഉപകരണങ്ങളും മറ്റും നശിച്ച അവസ്ഥയിലാണ്. ആയതിനാൽ മത്സ്യതൊഴിലാളി സമ്പാദ്യ ആശ്വാസ പദ്ധതിയിലെ തുക ഉടൻ വിതരണം ചെയ്യാനുള്ള നടപടിയുണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
കെ.കെ രമ. നിയുക്ത എം.എൽ.എ, വടകര.