കോഴിക്കോട്: രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഡിആർഐ കോഴിക്കോടും എയർ ഇന്‍റലിജൻസ് യൂണിറ്റും ചേര്‍ന്ന് കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് 3 സ്വര്‍ണക്കടത്ത് കേസുകൾ പിടികൂടി. 1005 ഗ്രാം ഭാരമുള്ള സ്വർണം ശരീരത്തിനകത്ത് ഒളിപ്പിച്ച നിലയിൽ മലപ്പുറം സ്വദേശിയായ യാത്രക്കാരൻ മുഹമ്മദ് അവദ് ദോഹയിൽ നിന്ന് ഇൻഡിഗോ 6ഇ 1712 വിമാനത്തിലാണ് എത്തിയത്. 1008 ഗ്രാം ഭാരമുള്ള സ്വർണം ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ മലപ്പുറം സ്വദേശിയായ യാത്രക്കാരൻ ഹബീബ് റഹ്‌മാൻ ദോഹയിൽ നിന്ന് 6ഇ 1712 നമ്പർ ഇൻഡിഗോ വിമാനത്തിലാണ് എത്തിയത്.
അടിവസ്ത്രത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന പൗച്ചിനുള്ളിൽ 1940 ഗ്രാം ഭാരമുള്ള സ്വർണവുമായി കണ്ണൂർ സ്വദേശിയായ യാത്രക്കാരൻ സയ്യിദ് ഫൈസൽ ദുബൈയില്‍ നിന്ന് ഫ്ലൈ ദുബൈ വിമാനത്തിലാണ് എത്തിയത്. പിടിച്ചെടുത്ത സ്വർണത്തിന്‍റെ മൊത്തം വിപണി മൂല്യം 1.52 കോടിയോളം വരും.
മറ്റൊരു കേസിൽ ഇൻഡിഗോ എയർലൈൻ സെക്യൂരിറ്റി സ്‌റ്റാഫിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എയർ ഇന്‍റലിജൻസ് യൂണിറ്റ് 03.12.21 ന് 6E 1842 നമ്പർ ഇൻഡിഗോ വിമാനത്തിലെ കാസർകോട് സ്വദേശിയായ യാത്രക്കാരനിൽ നിന്ന് ഷാർജയിലേക്ക് പോകേണ്ടിയിരുന്ന ചെക്ക് ഇൻ ബാഗേജിനുള്ളിൽ ഒളിപ്പിച്ച 7,08,700/- രൂപ വിലമതിക്കുന്ന വിദേശ കറൻസിയും പിടിച്ചെടുത്തിരുന്നു.