കോഴിക്കോട്: എട്ട് മീറ്ററോളം താഴ്ച്ചയുള്ള കിണറ്റിൽ വീണ ആട്ടിൻകുട്ടിക്ക് രക്ഷകരായി നരിക്കുനി ഫയർ ആന്‍റ് റെസ്ക്യൂ ഫോഴ്‌സ്. കൊടുവള്ളി വലിയപറമ്പ് ചുടല കുന്നത്ത് അബ്‌ദുല്‍ കരീമിന്‍റെ പത്ത് മാസം പ്രായമായ ആട്ടിൻ കുട്ടിയാണ് വീട്ടിലെ കിണറ്റിൽ വീണത്. ആടിന്‍റെ കരച്ചിൽ കേട്ടാണ് വീട്ടുകാർ സംഭവം അറിയുന്നത്.
ആൾ മറയില്ലാത്ത കിണറ്റിലാണ് ആട് വീണത്. എന്ത് ചെയ്യണം എന്നറിയാതെ അവർ നിൽക്കുന്ന സമയം... ജലനിധിയുടെ പൈപ്പിന് ലീക്കുള്ള വിവരം അറിഞ്ഞാണ് വാടിക്കൽ വിജയൻ ചുടലക്കുന്നിന് പോയത്. താന്നിയോടുമ്മലെ മുഹമ്മദുമായി സംസാരിച്ച് നിൽക്കുമ്പോൾ ചുടലക്കുന്നത്ത് കരീമിന്‍റെ ഭാര്യ വന്ന് തന്‍റെ ആട് സലീമിന്‍റെ കിണറ്റിൽ വീണതായി പറഞ്ഞു.
അവർ പലരേയും വിളിക്കുന്നുണ്ടായിരുന്നു. ഉടൻ തന്നെ വിജയൻ വിളിച്ചത് നരിക്കുനി ഫയർ സ്റ്റേഷനിലേക്ക്. നാട്ടുകാർ ആരും ഇറങ്ങരുതെന്നും ഞങ്ങൾ ഉടനെ പുറപ്പെടുകയാണെന്നും പറഞ്ഞ് ഫോൺ കട്ട് ചെയതു. അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫിസർ ടി പി രാമചന്ദ്രന്‍റെ നേതൃത്വത്തിൽ റാഷിദ്, മുഹമ്മദ് ഷാഫി, സനിൽ, നിഖിൽ, അനൂപ്, സജിത്, രത്നൻ എന്നിവരടങ്ങുന്ന ഫയർ ആന്‍റ് റെസ്ക്യൂ വിഭാഗം സർവ സന്നാഹങ്ങളുമായി കുതിച്ചെത്തി.
റെസ്ക്യൂ വിഭാഗത്തിലെ സനിൽ പിടി കിണറിലിറങ്ങി ആടിനെ വലയിലാക്കി. മറ്റുള്ളവർ ചേർന്ന് കരയ്‌ക്കെത്തിച്ചു. നിങ്ങളുടെ വീട്ടിലും അയൽപക്കത്തും ആണുങ്ങളില്ലാത്ത സമയത്ത് പല അത്യാഹിതങ്ങളും വരാം. ഊണും ഉറക്കവും വെടിഞ്ഞ് ഞങ്ങൾ എന്നുമുണ്ടാകുമെന്ന് പറഞ്ഞ് അവർ പോകുമ്പോൾ ആട് ഉന്മേഷവാനായിരുന്നു.