കോഴിക്കോട്: കൊടുവള്ളി എളേറ്റില്‍ വട്ടോളിയില്‍ മെബൈല്‍ ഫോണ്‍ കവര്‍ച്ച നടത്തിയ സംഘം അതിഥി തൊഴിലാളിയെ ബൈക്കില്‍ വലിച്ചിഴച്ചു. ബിഹാര്‍ സ്വദേശി അലി അക്ബറിന്‍റെ ഫോണ്‍ കവര്‍ന്നതിന് ശേഷം അദ്ദേഹത്തെ മോഷ്ടാക്കള്‍ റോഡിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നു.
ഫോണ്‍ തട്ടിയെടുത്തത് 'അഭിനയത്തിലൂടെ'
എളേറ്റില്‍ വട്ടോളി ഇയ്യാട് റോഡിലെ ഒരു കെട്ടിടത്തില്‍ താമസിച്ചുവരികയായിരുന്നു ബിഹാര്‍ സ്വദേശി. റോഡരികില്‍ നില്‍ക്കുകയായിരുന്ന അലി അക്ബറിന്‍റെ അടുത്ത് രണ്ടുപേര്‍ എത്തുകയും കോള്‍ ചെയ്യാനായി മൊബൈല്‍ ഫോണ്‍ ആവശ്യപ്പെടുകയുമായിരുന്നു. ബൈക്കിന്‍റെ പിന്നിലുണ്ടായിരുന്നയാള്‍ ഫോണ്‍ കൈക്കലാക്കിയ ശേഷം നമ്പര്‍ ഡയല്‍ ചെയ്ത് സംസാരിക്കുന്നതായി അഭിനയിച്ചു. ഉടൻ ബൈക്ക് മുന്നോട്ടെടുക്കുകയും ബൈക്കില്‍ പിടിച്ചു നിന്ന അലിയെ ഏറെ ദൂരം റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു.
അലി അക്ബര്‍ ആശുപത്രിയില്‍
റോഡില്‍ വീണ അലി അക്ബര്‍ വീണ്ടും ബൈക്കിനെ പിന്തുടര്‍ന്നു. ഇതിനിടെ ബൈക്കിന്‍റെ പിന്നിലുണ്ടായിരുന്നയാളും റോഡിലേക്ക് തെറിച്ചു വീണു. അലി അക്ബര്‍ ഇയാളെ പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. ഇതിനിടെ മോഷ്ടാക്കളില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ റോഡില്‍ വീണു. ഇത് നാട്ടുകാര്‍ കൊടുവള്ളി പൊലീസിന് കൈമാറി. പരിക്കേറ്റ അലി അക്ബറിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ALSO READ: കൊവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ച് സർക്കാർ