കോഴിക്കോട് : ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതിക്കായി ഭൂമി വിട്ടു നൽകിയ നിരവധി പേർക്ക് ഇനിയും നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് പരാതി. കോഴിക്കോട് ജില്ലയിലെ നിരവധി ഭൂവുടമകൾക്കാണ് നഷ്ടപരിഹാരം ഇതുവരെ ലഭിച്ചില്ലെന്ന് പരാതി ഉയര്‍ന്നിരിക്കുന്നത്. സംസ്ഥാന സർക്കാർ അഭിമാന പദ്ധതിയായി ഉയർത്തിക്കാട്ടുകയും പ്രതിപക്ഷം പോലും അവകാശവാദങ്ങൾ ഉന്നയിക്കുകയും ചെയ്ത പദ്ധതിയാണ് ഗെയില്‍. ഭൂമിക്ക് മാർക്കറ്റ് വില നൽകണമെന്നാവശ്യപ്പെട്ട് കേസ് നൽകിയവർക്കാണ് കേസ് തീരാതെ അധികൃതർ നഷ്ടപരിഹാരത്തുക നൽകില്ലെന്ന് അറിയിച്ചതെന്ന് ഭൂഉടമകള്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി മുറിച്ചുമാറ്റിയ മരങ്ങൾക്ക് തുച്ഛമായ നഷ്ടപരിഹാരം മാത്രമാണ് ലഭിച്ചത്. പദ്ധതി കടന്നുപോകുന്ന ഭൂമിയുടെയും പൊളിച്ചു മാറ്റിയ മതിലുകളുടേയും കെട്ടിടങ്ങളുടേയും നഷ്ടപരിഹാര തുക ഇതുവരെ ലഭിച്ചിട്ടില്ല. മലപ്പുറം ജില്ലയിൽ കേസിന് പോയവർക്ക് ഭൂമിയുടെ നഷ്ടപരിഹാരം നൽകിയിട്ടുണ്ട്. എന്നാൽ ഏറ്റവും കൂടുതൽ ഇരകളുള്ള കോഴിക്കോട് ജില്ലയിലാണ് അധികൃതർ വിവേചനം കാണിക്കുന്നതെന്നും സിവിൽ കേസുകളുടെ വ്യവഹാരം അവസാനിക്കാൻ വർഷങ്ങൾ വേണ്ടി വരുമെന്നതിനാൽ ഇത് മറയാക്കി നഷ്ടപരിഹാരത്തുക നൽകാതിരിക്കാനാണ് ഗെയിൽ അധികൃതരുടെ നീക്കമെന്നും ഇവർ ആരോപിച്ചു.
2017ലാണ് ഭൂമി ഏറ്റെടുത്തതെങ്കിലും 2012ലെ അടിസ്ഥാന വിലയാണ് ഗെയിൽ നൽകുന്നത്. പലസ്ഥലത്തും മാർക്കറ്റ് വിലയുടെ അടിസ്ഥാനത്തിൽ ഭൂമി ഏറ്റെടുക്കുമ്പോഴാണ് തങ്ങളോട് ഈ വിവേചനമെന്നും ഇതുമൂലം ഓരോ സെന്‍റിനും 50,000 രൂപയുടെ കുറവാണ് ഉണ്ടാകുന്നതെന്നും അവർ പറയുന്നു. തങ്ങൾക്ക് ഭൂമിയുടെ കൈവശാവകാശം മാത്രമാണ് ലഭിക്കുന്നത്.
ഗെയിൽ പൈപ്പ് ലൈൻ കടന്നു പോകുന്നതിനാൽ ഭൂമി വാങ്ങാൻ ആരും തയാറല്ല. ഭൂമിയിൽ വീടുവയ്ക്കാനോ കിണറുകൾ കുഴിക്കാനോ കൃഷി ചെയ്യാനോ കഴിയാത്ത അവസ്ഥയാണ്. എന്നിട്ടും ഏറ്റെടുത്ത ഭൂമിയുടെ മാർക്കറ്റ് വില പോലും നൽകാതെ ഗെയിൽ വഞ്ചിക്കുകയാണെന്നും ഇത് സംബന്ധിച്ച് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മന്ത്രിമാർ, എം.എൽ.എ, ജില്ലാ കലക്ടർ, സി.പി.എം സംസ്ഥാന സെക്രട്ടറി ഉൾപ്പടെയുള്ളവർക്ക് പരാതി നൽകിയതായും ഭൂഉടമകള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം കോഴിക്കോട് ടാഗോർ ഹാളിൽ നടന്ന അദാലത്തിൽ ജില്ലാ കലക്ടർക്ക് നേരിട്ട് പരാതി നൽകിയെന്നും അഞ്ച് ദിവസത്തിനുള്ളിൽ പ്രശ്നത്തിന് പരിഹാരം കാണുമെന്ന് കലക്ടർ ഉറപ്പു നൽകിയതായും അവർ പറഞ്ഞു. അല്ലാത്തപക്ഷം പത്താം തിയ്യതി ഗെയിൽ വിരുദ്ധ സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ഗെയിലിന്‍റെ കോഴിക്കോട്ടെ ഓഫീസിന് മുൻപിൽ സത്യഗ്രഹ സമരം നടത്തുമെന്നും ഭൂവുടമകൾ അറിയിച്ചു.