കോഴിക്കോട്: വിജയദശമി നാളിൽ ആദ്യക്ഷരം കുറിക്കുന്നതിന്‍റെ തിരക്കായിരുന്നു പലയിടത്തും. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം കുരുന്നുകൾ അക്ഷര മധുരം നുകരാനെത്തിയപ്പോഴുള്ള കാഴ്‌ച വളരെ രസകരമായിരുന്നു. കരച്ചിലുകാരാണ് പലരും, നാവിലും അരിയിലും എഴുതാൻ ഇക്കൂട്ടർ ഒരു തരത്തിലും അനുവദിച്ചില്ല.
മറ്റു ചിലർ അങ്ങനെയല്ല. അരിയിൽ എഴുതും, പിന്നെ എഴുതിക്കൊണ്ടേയിരിക്കും. ഒടുവിൽ അതൊരു കളിസ്ഥലമാക്കി മാറ്റും. എന്നാല്‍ ചില ബഹു കേമൻമാരുണ്ട്.
അരി കിട്ടിയ ഉടൻ തന്നെ അത് തിന്നാനാണ് അവർ ശ്രമിച്ചത്. ഇക്കൂട്ടത്തില്‍ ഏറ്റവും രസികന്‍ മറ്റൊരാളാണ്. ഫോണിൽ ലൈവായി ഹരിശ്രീ കുറിക്കുന്നത് കാണിച്ചാൽ മാത്രമേ എഴുതാൻ തയാറാകൂ എന്ന ഉടമ്പടിയിൽ എത്തിയതാണ് കക്ഷി. അത് പ്രകാരം ചടങ്ങ് നടന്നു.
അതിബുദ്ധിപരമായി സെൽഫി എടുത്ത് കുഞ്ഞുങ്ങളെ പ്രസാദിപ്പിച്ച് കാര്യം സാധിപ്പിച്ചെടുത്ത രക്ഷിതാക്കളും ഈ കൂട്ടത്തിലുണ്ട്. വേറൊരു കക്ഷി സ്വന്തമായി ഹരിശ്രീ കുറിച്ചു. പായസം ഉണ്ടെന്ന് പറഞ്ഞതോടെയാണ് എഴുത്തിന് തയാറായത്.
പരിപാടി കഴിഞ്ഞതോടെ അത് ചോദിക്കുകയും ചെയ്‌തു. ഇതിനിടയിൽ വളരെ ആസ്വദിച്ച് ആദ്യക്ഷരം കുറിച്ചവരും ഉണ്ടായിരുന്നു. നാവ് നേരഞ്ഞെ തന്നെ നീട്ടി ചടങ്ങിനായി തയാറായവരും ഇക്കൂട്ടത്തില്‍ ഉണ്ട്. അനുജത്തി ഹരിശ്രീ കുറിക്കുന്നത് കണ്ട് ചേച്ചിക്കും ഒരു മോഹം.
അങ്ങിനെ അതും സംഭവിച്ചു. അരിയിലെഴുതി കരഞ്ഞ് ക്ഷീണിച്ച് വെള്ളം കുടിച്ചു പോയവരും ഏറെയാണ്. വടക്കേ മലബാറിലെ പ്രധാന ക്ഷേത്രമായ കൊല്ലം പിഷാരികാവ് സന്നിധിയിൽ നൂറുകണക്കിന് കുരുന്നുകളാണ് ഇങ്ങനെ ആദ്യക്ഷരം ആസ്വാദ്യകരമാക്കിയത്.