കോഴിക്കോട് : മുതലക്കുളം ക്ഷേത്ര നടത്തിപ്പിലേക്ക് ഫണ്ട് പിരിക്കാൻ സർക്കുലർ ഇറക്കിയ അസിസ്റ്റന്‍റ് കമ്മിഷണർക്ക് സ്ഥലംമാറ്റം. ആന്‍റി നാർകോട്ടിക് സെൽ അസിസ്റ്റന്‍റ് കമ്മിഷണർ പ്രകാശൻ പടന്നയിലിനെ മലപ്പുറത്തേക്കാണ് സ്ഥലംമാറ്റിയത്. മുതലക്കുളം ക്ഷേത്ര ഭരണസമിതി ഭാരവാഹിയാണ് ഈ ഉദ്യോഗസ്ഥൻ.
മുതലക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്‍റെ നടത്തിപ്പ് ചെലവിലേക്ക് കോഴിക്കോട് സിറ്റിയിലെ എല്ലാ ഉദ്യോഗസ്ഥരുടെയും ശമ്പളത്തില്‍ നിന്ന് മാസം തോറും 20 രൂപ വീതം സംഭാവന ഇനത്തില്‍ പിടിക്കുമെന്നായിരുന്നു സർക്കുലർ. ജൂലൈ 19നാണ് സര്‍ക്കുലര്‍ ഇറക്കിയത്. സംഭാവന നല്‍കാന്‍ താത്പര്യമില്ലാത്ത സേന അംഗങ്ങള്‍ ജൂലൈ 24ന് മുമ്പ് കമ്മിഷണര്‍ ഓഫിസില്‍ വിവരം അറിയിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇതിനെതിരെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ അതൃപ്‌തി അറിയിച്ചു. സോഷ്യല്‍ മീഡിയയിലും സര്‍ക്കുലര്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിതുറന്നു. സംഭവം വിവാദമായതോടെ തീരുമാനം വിലക്കിക്കൊണ്ട് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് എഡിജിപി നിര്‍ദേശം നല്‍കുകയും ഇത് പിൻവലിക്കുകയും ചെയ്‌തു.
കോഴിക്കോട് നഗരമധ്യത്തിൽ മാനാഞ്ചിറയ്ക്ക് സമീപമാണ് മുതലക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രം. വര്‍ഷങ്ങളായി ഈ ക്ഷേത്രം പരിപാലിക്കുന്നത് കോഴിക്കോട് സിറ്റി പൊലീസിന്‍റെ നേതൃത്വത്തിലാണ്. ക്ഷേത്ര പരിപാലത്തിനായി കോഴിക്കോട് ജില്ലയിലെ 2200 പൊലീസുകാരില്‍ നിന്ന് 20 രൂപ ഈടാക്കുമ്പോള്‍ 5,28,000 രൂപയാണ് ഓരോ വര്‍ഷവും ക്ഷേത്രത്തിന് ലഭിക്കുന്ന വരുമാനം. അതേസമയം പിരിക്കുന്നത് നിസാരമായ തുകയായതിനാല്‍ ആരും പരസ്യവിമര്‍ശനത്തിന് തയാറായിരുന്നില്ല.
എന്നാല്‍ ക്ഷേത്ര പരിപാലനത്തിനായി പൊലീസുകാരില്‍ നിന്ന് പണം പിരിക്കുന്നതില്‍ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ അതൃപ്‌തിയിലായിരുന്നു. സോഷ്യല്‍ മീഡിയയിലും സര്‍ക്കുലറിനെ ചൊല്ലി വലിയ പ്രതിഷേധമുയര്‍ന്നു. ശമ്പളത്തില്‍ നിന്ന് പിരിവ് നടത്തുന്നതില്‍ തീരുമാനമെടുക്കേണ്ടത് ക്ഷേത്ര കമ്മിറ്റിയല്ലെന്നായിരുന്നു ഒരു വിഭാഗം പൊലീസുകാര്‍ ഉന്നയിച്ച വാദം.
സേനയില്‍ നിരീശ്വരവാദികളും അന്യമതസ്ഥരും ഉള്‍പ്പെടുന്നുണ്ട്. സംഭാവന നല്‍കാന്‍ താത്പര്യമില്ലാത്തവരുടെ വിവരങ്ങള്‍ പ്രത്യേകം ശേഖരിക്കുന്നതിലൂടെ വിശ്വാസിയാണോ അല്ലയോ എന്നെല്ലാം വെളിപ്പെടുത്തേണ്ടതായി വരും. സംഭാവന നല്‍കാത്തവരെ പ്രത്യേക വിഭാഗമാക്കി മാറ്റുന്നതിലൂടെ ബോധപൂര്‍വം സേനയ്ക്കുള്ളില്‍ വിഭാഗീയത സൃഷ്‌ടിക്കുകയാണ് ചെയ്യുന്നതെന്നും പൊലീസുകാര്‍ക്കിടയില്‍ അഭിപ്രായം ഉയരുകയുണ്ടായി. ഇത് സ്വകാര്യതയ്‌ക്കെതിരാണെന്നും മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും പൊലീസുകാര്‍ പറഞ്ഞു.
ക്ഷേത്രത്തിലെ പ്രതിഷ്‌ഠാദിനോത്സവത്തിന്‍റെ ഭാഗമായുള്ള പൊങ്കാലയുമായി ബന്ധപ്പെട്ടും എതിർപ്പുയർന്നിരുന്നു. സേനാംഗങ്ങളുടെ മതനിരപേക്ഷ സ്വഭാവത്തിനെതിരാണ് പൊങ്കാലയെന്നായിരുന്നു ഉയര്‍ന്ന വിമർശനം. അന്ന് പൊലീസ് കമ്മിഷണറും ക്ഷേത്ര ഭരണസമിതി പ്രസിഡന്‍റുമായ രാജ് പാൽ മീണ, ക്ഷേത്രം ഭരണസമതി സെക്രട്ടറിയായ അസിസ്‌റ്റന്‍റ് കമ്മിഷണർ പ്രകാശൻ പടന്നയിൽ എന്നിവർ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് യോഗം വിളിക്കുകയുണ്ടായി.
ഈ യോഗത്തിലാണ് പൊങ്കാല നടത്താൻ തീരുമാനമാവുന്നത്. ഇതിന്‍റെ ഭാഗമായി നടത്തിപ്പ് ചെലവിലേക്ക് താത്‌പര്യമുള്ള സേനാംഗങ്ങളിൽ നിന്ന് പണം പിരിക്കാന്‍ യോഗത്തിൽ തീരുമാനിച്ചു. ഇത് ശമ്പള റിക്കവറിയായി ഈടാക്കാനും നിർദേശിക്കുകയായിരുന്നു.