കോഴിക്കോട്: ഭക്ഷണം കഴിക്കാൻ എത്തിയ ആറംഗ സംഘം ഹോട്ടല്‍ തൊഴിലാളിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചതായി പരാതി. കെട്ടാങ്ങൽ -മലയമ്മ റോഡിലെ ഫുഡ്ഡീസ് ഹോട്ടലിലാണ് ആക്രമണം നടന്നത്. സംഭവത്തില്‍ നാല് പേരെ കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തു.
ചിറ്റാരിപിലാക്കൽ സ്വദേശി അഷ്റഫ്, ചാത്തമംഗലം സ്വദേശികളായ അഖിലേഷ്, ഷാലിദ്, രഞ്ജിത് എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി 11ഓടെ ഭക്ഷണം കഴിക്കാനെത്തിയ ആറംഗ സംഘം കാരണമില്ലാതെ പ്രകോപനമുണ്ടാക്കി. തുടർന്ന് തൊഴിലാളികളുമായി വാക്കു തർക്കത്തിൽ ഏർപ്പെടുകയും തൊഴിലാളിയായ ഉമ്മറിനെ കത്തികൊണ്ട് കുത്തുകയുമായിരുന്നു എന്നാണ് പരാതി.
ഉമ്മറിന്‍റെ കഴുത്തിനും നെഞ്ചിനുമായി മൂന്ന് കുത്തേറ്റിട്ടുണ്ട്. ഉമ്മർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. നേരത്തെയും സംഘം ഈ ഹോട്ടലിൽ വന്ന് പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ടെന്നും തൊഴിലാളികള്‍ പറഞ്ഞു. സംഘം മദ്യലഹരിയിലായിരുന്നു എന്നും തൊഴിലാളികള്‍ ആരോപിച്ചു.