കോഴിക്കോട്: പാമ്പ് പിടിത്തക്കാരൻ വാവ സുരേഷിനെതിരെ കേസെടുത്ത് വനം വകുപ്പ്. താമരശ്ശേരി ഫോറസ്‌റ്റ് റേഞ്ച് ഓഫിസറാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളജിലെ സെമിനാറിൽ വിഷ പാമ്പുകളെ പ്രദർശിപ്പിച്ചതിനാണ് കേസ്.
വാവ സുരേഷിനെതിരെ കേസെടുക്കാൻ ഡിഎഫ്ഒ നിർദേശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേസ്. പാമ്പിനെ പ്രദര്‍ശിപ്പിക്കല്‍, പീഡിപ്പിക്കല്‍ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്.
കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന പരിപാടിയിൽ മൈക്കിന് പകരം പാമ്പിനെ ഉപയോഗിച്ച് വാവ സുരേഷ് സംസാരിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ക്ലിനിക്കൽ നഴ്‌സിങ് എജുക്കേഷനും നഴ്‌സിങ് സർവിസ് ഡിപ്പാർട്ട്മെന്‍റും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലാണ് വാവ സുരേഷ് ക്ലാസെടുത്തത്. സംഘാടകരുടെ അനുമതിയോടെയല്ല പാമ്പിനെ എത്തിച്ചത്.
സംഘാടകർക്കെതിരെ കേസില്ലെന്ന് വനം വകുപ്പ് താമരശ്ശേരി റേഞ്ച് ഓഫിസർ പറഞ്ഞു. പാമ്പിനെ പ്രദർശിപ്പിക്കാൻ കേരളത്തിലാർക്കും ലൈസൻസില്ല. ജനവാസ മേഖലയിൽ ഇറങ്ങുന്ന പാമ്പുകളെ സുരക്ഷിതമായി പിടികൂടാൻ മാത്രമാണ് സുരേഷിന് അനുമതിയുള്ളതെന്നും താമരശ്ശേരി റേഞ്ച് ഓഫിസർ പറഞ്ഞു.