കോഴിക്കോട്: തിരുവമ്പാടിയിൽ അജ്ഞാത ജീവിയുടെ കാൽപ്പാട് കണ്ടത്തിയത് നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു. പുലിയുടേതിന് സമാനമായ കാൽപ്പാടുകളാണ് കണ്ടെത്തിയത്. കാളിയാമ്പുഴ സ്വദേശി ജോസഫിന്‍റെ വീട്ടുമുറ്റത്താണ് കാൽപ്പാടുകൾ പതിഞ്ഞത്. വീട് പണി നടക്കുന്നിടത്ത് നിന്നും ഒലിച്ചിറങ്ങിയ സിമൻ്റിലാണ് കാൽപ്പാടുകൾ. പഞ്ചായത്ത് അധികൃതരെയും വനംവകുപ്പ് അധികൃതരെയും വിവരമറിയിച്ചതിനെത്തുടർന്ന് പഞ്ചായത്ത് പ്രസിഡന്‍റും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധിച്ചു.
ഭയപ്പെടേണ്ടതില്ലെന്നും പ്രാഥമിക പരിശോധനയിൽ കാട്ടുപൂച്ചയുടെ കാൽപ്പാടുകളാണ് ഇതെന്നും വനംവകുപ്പധികൃതർ അറിയിച്ചു. അതേസമയം, സിമന്‍റിൽ കാൽപ്പാടുകൾ പതിഞ്ഞതിനാൽ കൃത്യമായി കാൽപ്പാട് എന്ത് ജിവിയുടെതാണെന്ന് കണ്ടെത്താൻ സാധിക്കില്ലെന്നും പുഴയും വനവും ഉള്ളതുകൊണ്ട് പുലി ഉൾപ്പെടെയുള്ള ജീവികൾ വരാൻ സാധ്യതയുണ്ടെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു. പുലിയുടെ കാൽപ്പാടുകളല്ലെന്ന് ഉറപ്പിച്ച് പറയാൻ കഴിയാത്ത സാഹചര്യത്തിൽ നാട്ടുകാർ ഭീതിയിലാണ്.