കോഴിക്കോട്: 800 കിലോ കമ്പി മോഷ്‌ടിച്ച അഞ്ചംഗ തമിഴ് നാടോടി സ്ത്രീകൾ പിടിയിൽ. കോഴിക്കോട് കോടതി സമുച്ചയത്തോടു ചേര്‍ന്ന മജിസ്‌ട്രേറ്റ് ബംഗ്ലാവ് പരിസരത്തുനിന്നാണ് മോഷണം നടത്തിയത്. രാസാത്തി, സെല്‍വി, മങ്കമ്മ, ചിത്ര, ശാന്തി എന്നിവരാണ് അറസ്റ്റിലായത്.
വാട്ടര്‍ ടാങ്ക് പൊളിച്ചപ്പോള്‍ ലഭിച്ച 800 കിലോ ഇരുമ്പുകമ്പിയാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് മോഷ്‌ടാക്കളെ തിരിച്ചറിഞ്ഞത്. ടൗണ്‍ എസ്.ഐ ഉമേഷിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. അഞ്ച് നാടോടി സ്ത്രീകള്‍ ചേര്‍ന്ന് കമ്പി ഒരു ഗുഡ്‌സ് ഓട്ടോയില്‍ കയറ്റി കൊണ്ടു പോകുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണ്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ തൊണ്ടയാട് ബൈപാസില്‍ നിന്ന് സ്ത്രീകളെ പിടികൂടുകയായിരുന്നു. പൊലീസിനെ കണ്ടയുടന്‍ സ്ത്രീകൾ നിലത്ത് വീണ് മലമൂത്രവിസര്‍ജനം നടത്താന്‍ ശ്രമിച്ചെങ്കിലും പൊലീസ് കൈയോടെ പിടികൂടുകയായിരുന്നു.
വീട്ടിലും സ്ഥാപനങ്ങളിലും ഇവര്‍ സംഘമായെത്തുകയും കണ്ണില്‍ കണ്ടതെല്ലാം മോഷ്‌ടിച്ച് രക്ഷപെടുകയും ചെയ്യുന്നത് പതിവാണ്. ആരെങ്കിലും കണ്ടാല്‍ ഉടന്‍ നിലത്തിരുന്ന് മലമൂത്ര വിസര്‍ജനം നടത്തുകയും അലറിക്കരയുകയും ചെയ്യും. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തു.