കോഴിക്കോട് : നിപ രോഗിയുമായി സമ്പർക്കത്തിൽ വന്നവരിൽ അഞ്ച് പേർക്ക് കൂടി രോഗലക്ഷണം. ഇതോടെ നിപ രോഗലക്ഷണമുള്ളവരുടെ എണ്ണം എട്ടായി. സമ്പർക്കപ്പട്ടികയിൽ ഉള്ളവരുടെ എണ്ണം 251 ആയി വർധിച്ചു. ഹൈറിസ്‌ക് വിഭാഗത്തിൽ 32 പേരാണുള്ളത്.
നിപ പ്രതിരോധ പ്രവർത്തനം വിലയിരുത്താൻ മന്ത്രിമാർ പങ്കെടുക്കുന്ന ഉന്നതതല യോഗം ഗസ്റ്റ് ഹൗസിൽ ചേരുകയാണ്. നിപയുടെ ഉറവിടം കണ്ടെത്താനുള്ള മൃഗസംരക്ഷണ വകുപ്പിന്‍റെ പരിശോധന തുടങ്ങി.
നിപ ബാധിച്ച് മരിച്ച 12 വയസുകാരൻ ഹാഷിമിന്‍റെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് പരിശോധന. ഹാഷിമിന്‍റെ വീട്ടിലെ ആടിന്‍റെ സ്രവം എടുത്തു. ആടിന് രണ്ട് മാസം മുന്‍പ് അസുഖം വന്നിരുന്നു.
വനംവകുപ്പിന്‍റെ സഹായത്തോടെ വവ്വാലുകളുടേയും കാട്ടുപന്നികളുടേയും സ്രവം എടുക്കും. ഇവ ഭോപ്പാലിലെ ലാബിലയച്ച് പരിശോധിക്കും.
അതിനിടെ നിരീക്ഷണത്തിലുള്ളവര്‍ക്കായി മെഡിക്കൽ കോളജിൽ നിപ ട്രൂനാറ്റ് പരിശോധന നടത്താനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സംഘം ഇതിനായി പ്രത്യേക ലാബ് സജ്ജീകരിക്കും.