കോഴിക്കോട്: കടലിൽ ആവിശ്യത്തിന് മീൻ ഇല്ലാതെ പ്രതിസന്ധി നേരിടുന്ന സമയത്തും മത്സ്യത്തൊഴിലാളികളുടെ ക്ഷേമ പദ്ധതികൾ സർക്കാർ അട്ടിമറിക്കുന്നതായി ആരോപണം. കഴിഞ്ഞ കുറച്ചു കാലമായി കടലിൽ മത്സ്യ സമ്പത്ത് കുറഞ്ഞത് മേഖലയിലെ തൊഴിലാളികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. മീൻ കുറഞ്ഞതോടെ മറ്റു ജോലിക്ക് പോകേണ്ട സ്ഥിതിയാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
ഈ സാഹചര്യത്തിലാണ് ഇവർക്ക് അർഹമായ സഹായവും സർക്കാർ അട്ടിമറിക്കുന്നത്. മത്സ്യത്തൊഴിലാളികൾക്ക് ഓരോ വർഷവും മൂന്ന് ഗഡുക്കളായി 4500 രൂപ വീതം നൽകുന്ന സമ്പാദ്യ പദ്ധതി വഴി ലഭിക്കേണ്ട പണത്തിന്റെ അവസാന ഗഡു ഇത്തവണ പലര്‍ക്കും ലഭിച്ചിട്ടില്ല. 1500 രൂപ വീതം വർഷത്തിൽ ലഭിച്ചുകൊണ്ടിരുന്ന തണൽ പദ്ധതിയും ഇപ്പോൾ ലഭിക്കുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു. കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെ നിരവധി പ്രതിസന്ധികൾ നേരിടുമ്പോഴാണ് സർക്കാർ തങ്ങളെ അവഗണിക്കുന്നതെന്ന് തൊഴിലാളികള്‍ പരാതിപ്പെടുന്നു.