കോഴിക്കോട് : ട്രാൻസ്‌ജെൻഡർ ദമ്പതികൾ ഒരു കുഞ്ഞിന് ജന്മം നൽകാനൊരുങ്ങുന്നു. ഇന്ത്യയിലെ ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിലെ ആദ്യത്തെ സംഭവമാണിത്. ഉമ്മളത്തൂർ സ്വദേശികളായ സഹദ് ഫാസിലും സിയ പവലുമാണ് ആ ട്രാൻസ് ദമ്പതികൾ. കഴിഞ്ഞ മൂന്ന് വർഷമായി സഹദും സിയയും ഒരുമിച്ചാണ് ജീവിക്കുന്നത്.
തങ്ങളുടെ ജീവിതം മറ്റ് ട്രാൻസ്‌ജെൻഡർമാരിൽ നിന്ന് വ്യത്യസ്‌തമാകണമെന്ന് ആഗ്രഹിച്ചതോടെ ഒരു കുട്ടി വേണമെന്ന് ഇരുവരും ചിന്തിച്ചു. പരിവർത്തന പ്രക്രിയയുടെ ഭാഗമായി, ഇരുവരും ഹോർമോൺ തെറാപ്പിക്ക് വിധേയരായി. സഹദ് ഗർഭം ധരിച്ചിട്ട് എട്ട് മാസമായിരിക്കുന്നു.
2023 മാർച്ച് നാലോടെ പുതിയൊരു അതിഥി കൂടി ഇവരുടെ ജീവിതത്തിലേക്ക് എത്തും. ട്രാൻസ് വ്യക്തികളാണെങ്കിലും ഇരുവരുടെയും ശരീരം മാറ്റത്തിന്‍റെ പാതിവഴിയിലാണ്. സഹദ്, ഹോർമോൺ തെറാപ്പിയും ബ്രസ്‌റ്റ് റിമൂവലും ചെയ്‌തു.
ഗർഭപാത്രം നീക്കാനുള്ള ശസ്‌ത്രക്രിയയുടെ ഘട്ടമെത്തിയപ്പോഴാണ് കുഞ്ഞെന്ന ആഗ്രഹം പിറന്നത്. ക്ലാസിക്കൽ നൃത്താധ്യാപികയായ സിയയാവട്ടെ ട്രാൻസ് സ്‌ത്രീയാവാനുള്ള ശസ്‌ത്രക്രിയക്ക് വിധേയയായിരുന്നുമില്ല. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിലാണ് സഹദിന്‍റെ ഗർഭപരിചരണ ചികിത്സ നടക്കുന്നത്.
കുഞ്ഞിന് മുലപ്പാൽ നൽകാനാവില്ലെങ്കിലും ആശുപത്രിയിലെ മിൽക്ക് ബാങ്ക് വഴി സംവിധാനമുണ്ടാക്കാനാണ് ആലോചന. കോഴിക്കോട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്‍റായിരുന്നു സഹദ്. കുട്ടികളെ ഡാൻസ് പഠിപ്പിച്ച് കിട്ടുന്ന വരുമാനം കൊണ്ടാണ് ജീവിതം മുന്നോട്ട് പോകുന്നതെന്ന് സിയ ഇടിവി ഭാരതിനോട് പറഞ്ഞു.
ആദ്യത്തെ മൂന്ന് മാസം സഹദിന് നിരവധി പ്രയാസങ്ങള്‍ നേരിടേണ്ടി വന്നു. ഛർദ്ദി കൊണ്ട് ക്ഷീണിച്ച് തളർന്നു. പിന്നീട് മാറ്റം വന്നുവെന്ന് സിയ പറയുന്നു.
കുഞ്ഞിന്‍റെ അനക്കമൊക്കെ കണ്ണ് നിറയിച്ചുവെന്നും ദമ്പതികള്‍ പറയുന്നു. ഗർഭം ധരിച്ചതോടെ സഹദ് ജോലിക്ക് പോകുന്നത് നിർത്തി. തന്‍റെ ഗുരുവായ നടക്കാവ് ഓം സ്‌കൂൾ ഓഫ് ഡാൻസിലെ ഡോ.ഹർഷൻ സെബാസ്റ്റ്യൻ ആന്‍റണിയുടെ സഹായത്തോടെയാണ് ജീവിതം മുന്നോട്ടുപോകുന്നത്.
സർക്കാരിൽനിന്നോ ട്രാൻസ് കമ്മ്യൂണിറ്റിയിൽനിന്നോ സഹായം ലഭിക്കുമെന്ന് പ്രതീക്ഷയുണ്ട്. അതിനായി നിവേദനം നൽകുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണിപ്പോൾ. മുഖ്യമന്ത്രിക്കും സാമൂഹിക നീതി വകുപ്പിനും സഹായമഭ്യർഥിച്ചുള്ള നിവേദനം നൽകാനാണ് ഇരുവരുടെയും തീരുമാനം.
കുഞ്ഞ് വളർന്ന് വരുമ്പോൾ നേരിടേണ്ടി വന്നേക്കാവുന്ന പരിഹാസങ്ങളെക്കുറിച്ച് ആകുലതകളുണ്ട്. എന്നാൽ, കുഞ്ഞ് തങ്ങളെ മനസിലാക്കി ഒപ്പം നിൽക്കുമെന്ന് തന്നെയാണ് വിശ്വാസമെന്നും ഇരുവരും പറയുന്നു. ഈ സമൂഹത്തിൽ തലയുയർത്തി തന്നെ ഞങ്ങളുടെ കുഞ്ഞ് ജീവിക്കണമെന്നും സിയ ഇടിവി ഭാരതിനോട് പറഞ്ഞു.