കോഴിക്കോട്: നാദാപുരം കല്ലാച്ചിയിൽ പോക്സോ കേസ് പ്രതിയുടെയും സഹോദരൻ്റെയും സ്‌കൂട്ടറുകൾ തീവച്ച് നശിപ്പിച്ചു. പീറ്റപ്പൊയിൽ രാജേഷ്, സഹോദരൻ സുമേഷ് എന്നിവരുടെ സ്‌കൂട്ടറുകളാണ് അഗ്നിക്കിരയാക്കിയത്. ശനിയാഴ്‌ച അര്‍ധരാത്രി പന്ത്രണ്ടരയോടെയാണ് സംഭവം.
കഴിഞ്ഞ ദിവസം നാദാപുരം ചേറ്റ് വെട്ടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ റിമാൻഡിൽ കഴിയുകയാണ് സുമേഷ്. രാത്രി വീട്ട് മുറ്റത്ത് നിന്ന് സ്ഫോടന ശബ്ദവും തീ കത്തുന്ന വെളിച്ചവും കണ്ട് ഉണർന്ന വീട്ടുകാരാണ് വാഹനങ്ങള്‍ അഗ്നിക്കിരയായത് കണ്ടത്. തുടര്‍ന്ന് വെള്ളമൊഴിച്ച് തീയണക്കുകയായിരുന്നു. വീട്ടുമുറ്റത്ത് രണ്ട് സ്‌കൂട്ടറുകളും കുട്ടികളുടെ രണ്ട് സൈക്കിളുകളുമുണ്ടായിരുന്നു. സ്‌കൂട്ടറുകളും സൈക്കിളുകളും പൂർണമായി കത്തി നശിച്ചു. നാദാപുരം സി.ഐ എൻ. സുനിൽ കുമാർ, എസ്.ഐ പി.എം സുനിൽ കുമാർ എന്നിവരെത്തി സംഭവസ്ഥലം പരിശോധിച്ചു. പ്രദേശത്ത് നിന്നും ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചു. വീടും പരിസരവും നല്ല പരിചയമുള്ളവരായിരിക്കാം കൃത്യം ചെയ്‌തതെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.