കോഴിക്കോട് : പ്രശസ്‌ത ചലച്ചിത്ര നിർമാതാവും വ്യവസായിയും എ ഐ സി സി അംഗവുമായിരുന്ന പി വി ഗംഗാധരൻ (80) അന്തരിച്ചു (P V Gangadharan Passes Away). കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പറയരുകണ്ടി വെട്ടത്ത് ഗംഗാധരൻ എന്നാണ് മുഴുവൻ പേര്. പി വി ജി എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെട്ടിരുന്നത്.
'ഗൃഹലക്ഷ്‌മി പ്രൊഡക്ഷൻസിൻ്റെ' (Grihalakshmi Productions) ബാനറിൽ 20 ലേറെ മലയാള ചലച്ചിത്രങ്ങൾ അദ്ദേഹം നിർമിച്ചു. അതിൽ ' ഒരു വടക്കൻ വീരഗാഥ' എക്കാലത്തേയും വലിയ ക്ലാസിക് ഹിറ്റായി. ഹരിഹരൻ, ഐ വി ശശി, സത്യൻ അന്തിക്കാട് എന്നീ സംവിധായകരുടെ പ്രിയപ്പെട്ട നിർമാതാവായിരുന്നു. 1961 ൽ കോൺഗ്രസിൽ ചേർന്ന അദ്ദേഹം 2005 മുതൽ എ ഐ സി സി അംഗമാണ്. 2011 ൽ കോഴിക്കോട് നോർത്തിൽ നിന്നും ജനവിധി തേടി പരാജയപ്പെട്ടു. കെ ടി സി ഗ്രൂപ്പ് ഓഫ് കമ്പനീസ്, മാതൃഭൂമി എന്നിവയുടെ ഡയറക്‌ടർ കൂടിയാണ് പി വി ജി.
കെടിസി ഗ്രൂപ്പ് ഓഫ് കമ്പനീസ് ആരംഭിച്ച പി വി സാമിയുടെയും മാധവി സാമിയുടെയും മകനായി 1943 ലാണ് പി വി ഗംഗാധരൻ ജനിച്ചത്. വ്യാപാരപ്രമുഖനും മാതൃഭൂമി മാനേജിങ് എഡിറ്ററുമായ പി വി ചന്ദ്രൻ മൂത്ത സഹോദരനാണ്. 1977 ൽ ഹരിഹരൻ സംവിധാനം ചെയ്‌ത സുജാതയാണ് ആദ്യ സിനിമ.
സിനിമകൾ : പിന്നാലെ മനസാ വാചാ കർമ്മണാ (1979), അങ്ങാടി (1980), അഹിംസ (1982), ചിരിയോ ചിരി (1982), കാറ്റത്തെ കിളിക്കൂട് (1983), ഇത്തിരി പൂവേ ചുവന്ന പൂവേ (1984), ഒഴിവുകാലം (1985), വാർത്ത (1986), ഒരു വടക്കൻ വീരഗാഥ (1989), എന്നും നന്മകൾ (1991), അദ്വൈതം (1992), ഏകലവ്യൻ (1993), തൂവൽക്കൊട്ടാരം (1996), കാണാക്കിനാവ് (1996), എന്ന് സ്വന്തം ജാനകിക്കുട്ടി (1998), വീണ്ടും ചില വീട്ടുകാര്യങ്ങൾ (1999), കൊച്ചു കൊച്ചു സന്തോഷങ്ങൾ (2000), ശാന്തം (2000),അച്ചുവിന്‍റെ അമ്മ (2005), യെസ് യുവർ ഓണർ (2006), നോട്ട്‌ബുക്ക് (2006) എന്നിങ്ങനെ പിവിജിയുടെ നിർമാണത്തിൽ മലയാളത്തിലെ ഏക്കാലത്തേയും സൂപ്പർ ഹിറ്റ് സിനിമകൾ സൃഷ്‌ടിക്കപ്പെട്ടു.
പുരസ്‌കാരങ്ങൾ : ശാന്തം എന്ന ചിത്രത്തിന് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഒരു വടക്കൻ വീരഗാഥ, കാണാക്കിനാവ്, വീണ്ടും ചില വീട്ടുകാര്യങ്ങൾ, അച്ചുവിന്‍റെ അമ്മ, നോട്ട്‌ബുക്ക് എന്നിവ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ചിത്രങ്ങളാണ്. ഇതിന് പുറമെ നിരവധി ചിത്രങ്ങൾ സൗത്ത് ഫിലിം ഫെയർ പുരസ്‌കാരവും സ്വന്തമാക്കിയിട്ടുണ്ട്. ജാനകി ജാനേയാണ് അവസാന ചിത്രം. സംസ്‌കാരം നാളെ നടക്കും.