കോഴിക്കോട്: ചെക്കന്‍റെ കൂട്ടര്‍ പടക്കം പൊട്ടിച്ചു, ചോദ്യം ചെയ്‌ത് പെണ്ണിന്‍റെ കൂട്ടര്‍, ഒടുവില്‍ പടക്കത്തിന് പകരം പൊട്ടിയത് ഉഗ്രന്‍ അടി. മേപ്പയ്യൂരിലെ കല്യാണ വീട്ടില്‍ നിന്നുള്ള കൂട്ടത്തല്ലിന്‍റെ വീഡിയോ വൈറലായി. 'തല്ലുമാല'യെ വെല്ലുന്ന അടിയാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്.
മേപ്പയ്യൂര്‍ ടൗണില്‍ തന്നെയുള്ള പെണ്ണിന്‍റെ വീട്ടിലാണ് ഞായറാഴ്‌ച പകൽ സംഭവം നടന്നത്. പെണ്ണിന്‍റെ വീടായിരുന്നു ഇത്. വടകരയ്ക്കടുത്ത് വില്യാപ്പള്ളിയില്‍ നിന്നാണ് ചെക്കന്‍. വില്യാപ്പള്ളിയില്‍ നിന്ന് ചെക്കനും കൂട്ടരും മേപ്പയ്യൂരിലെ പെണ്‍വീട്ടിലെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്.
ചെക്കന്‍റെ സുഹൃത്തുക്കള്‍ പെണ്ണിന്‍റെ വീട്ടില്‍ വച്ച് പടക്കം പൊട്ടിച്ചു. എന്നാല്‍ പെണ്ണിന്‍റെ നാട്ടിലുള്ളവര്‍ക്ക് ഇത് ഇഷ്‌ടമായില്ല. അവര്‍ ചോദ്യം ചെയ്‌തു. തുടര്‍ന്ന് ഇത് വാക്കുതര്‍ക്കത്തിലേക്കും കയ്യാങ്കളിയിലേക്കും നീളുകയും ഒടുവില്‍ രണ്ട് നാട്ടുകാര്‍ തമ്മിലുള്ള കൂട്ടത്തല്ലില്‍ കലാശിക്കുകയുമായിരുന്നു.
ഇരുപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്‌ച രാത്രി തന്നെ പൊലീസ് ഇടപെട്ട് വിഷയം പരിഹരിച്ചു. കൂട്ടത്തല്ലിന്‍റെ വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. വീടിന് മുകളില്‍ നിന്നാണ് ഈ ദൃശ്യം പകര്‍ത്തിയത്.