കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും 19 കിലോമീറ്റർ മാത്രം അകലെയുള്ള റെയിൽവേ സ്റ്റേഷനാണ് യാതൊരു അടിസ്ഥാനസൗകര്യങ്ങളും ഇല്ലാതെ യാത്രക്കാർക്ക് ദുരിതം മാത്രം സമ്മാനിക്കുന്നത്. വിമാനത്താവളത്തിൽ എത്തേണ്ടവർക്ക് ഫറോക്കിൽ ഇറങ്ങിയാൽ അരമണിക്കൂറിനുള്ളിൽ കരിപ്പൂരിൽ എത്താൻ കഴിയും. എന്നാല്‍ വേണ്ടത്ര സൗകര്യങ്ങൾ സ്റ്റേഷനിൽ ഒരുക്കാൻ ജനപ്രതിനിധികൾക്ക് ഇതുവരെ സാധിച്ചിട്ടില്ല. സ്റ്റേഷൻ വികസനത്തിന് വേണ്ട കർമ്മപദ്ധതികൾ തയാറാകാത്തത് ജനപ്രതിനിധികളുടെ വലിയ വീഴ്ചയായാണ് യാത്രക്കാർ കണക്കാക്കുന്നത്.
കൂടുതൽ ട്രെയിനുകൾക്ക് ഫറോക്കിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് നേരത്തെ തന്നെ ആവശ്യമുയര്‍ന്നിരുന്നു. എന്നാൽ ഇപ്പോൾ ഏറ്റവും ചുരുങ്ങിയത് അടിസ്ഥാന സൗകര്യങ്ങളെങ്കിലും മെച്ചപ്പെടുത്തണം എന്നാണ് ഇവർ ആവശ്യപ്പെടുന്നത്. വീണ്ടുമൊരു തെരഞ്ഞെടുപ്പടുക്കുമ്പോൾ കോഴിക്കോട്ട് നിന്നും പാർലമെന്‍റിൽ എത്തുന്ന ജനപ്രതിനിധികൾ ഫറോക്ക് റെയിൽവേ സ്റ്റേഷൻ കൂടി പരിഗണിക്കണം എന്ന ആവശ്യമാണ് യാത്രക്കാർ മുന്നോട്ടുവയ്ക്കുന്നത്.