കോഴിക്കോട്: കേരളത്തിൽ ജോലിക്കെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് സഹായവുമായി തൊഴില്‍ വകുപ്പ്. തൊഴിലാളികള്‍ക്ക് മാർഗനിർദേശം നൽകാനും അവരുടെ സംശയങ്ങൾ ദൂരീകരിക്കാനും ആവശ്യങ്ങൾ പൂർത്തീകരിക്കാനുമായി കോഴിക്കോട് ആവാസ് ഫെസിലിറ്റേഷൻ സെന്‍റര്‍ തുറക്കാനൊരുങ്ങുകയാണ് സംസ്ഥാന തൊഴിൽ വകുപ്പ്.
നിലവില്‍ തിരുവനന്തപുരത്തും, എറണാകുളത്തും ഇതര സംസ്ഥാന തൊഴിലാളികൾക്കായി ഫെസിലിറ്റേഷൻ സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കോഴിക്കോട് സെന്‍റര്‍ എത്തുന്നതോടെ വടക്കൻ കേരളത്തിലെ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. റെയിൽവേ സ്റ്റേഷന് സമീപം ലിങ്ക് റോഡിൽ അടുത്ത മാസത്തോടെയായിരിക്കും ഫെസിലിറ്റേഷൻ സെന്‍റര്‍ പ്രവര്‍ത്തനമാരംഭിക്കുക. ആദ്യ ഘട്ടത്തിൽ ഹിന്ദി, ബംഗാളി എന്നീ ഭാഷകൾ കൈകാര്യം ചെയ്യാൻ കഴിയുന്ന രണ്ടു ഉദ്യേഗസ്ഥർ ഉണ്ടായിരിക്കുമെന്ന് റീജിണൽ ജോയിന്‍റ് ലേബർ കമ്മീഷണർ കെ എം സുനിൽ അറിയിച്ചു.