കോഴിക്കോട് : വ്യാജ സർട്ടിഫിക്കറ്റ് കേസിലെ പ്രതി കെ.വിദ്യ മേപ്പയ്യൂരില്‍ എത്തിയതുമായി ബന്ധപ്പെട്ട് സിപിഎമ്മിന് പങ്കില്ലെന്ന് പേരാമ്പ്ര ഏരിയ സെക്രട്ടറി എം.കുഞ്ഞഹമ്മദ്. സിപിഎം നേതാക്കൾ വിദ്യയെ സംരക്ഷിച്ചിട്ടില്ല. ഈ കാര്യത്തിൽ പാർട്ടിക്ക് ഒരു ബന്ധവും പങ്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പങ്കില്ലെന്ന് വിശദീകരണം : ആവളയിലെ പാർട്ടി അംഗങ്ങൾ ആരും ഇക്കാര്യവുമായി ഒരു ബന്ധവുമില്ലാത്തവരാണ്. പാർട്ടി ഇതേക്കുറിച്ച് അന്വേഷിക്കും. പാർട്ടി അനുഭാവികളുടെ വീട്ടിൽ വിദ്യ പോയിട്ടുണ്ടോ എന്ന് അറിയില്ല. ആരുടെ വീട്ടിൽ നിന്നാണ് വിദ്യയെ കസ്‌റ്റഡിയിലെടുത്തിട്ടുള്ളത് എന്നത് ഇതുവരെ പാർട്ടിക്ക് മനസിലായിട്ടില്ലെന്നും എം.കുഞ്ഞഹമ്മദ് പറഞ്ഞു. പൊലീസാണ് ഇക്കാര്യം വ്യക്തമാക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
തൻ്റെ പേരുൾപ്പടെ മുസ്‌ലിംലീഗ്, യുഡിഎഫ് നേതാക്കൾ പറയുന്നു. ഇക്കാര്യത്തിൽ ഒരു ബന്ധവും തനിക്കില്ല. വിദ്യ ഒളിച്ച് താമസിച്ചുവെന്നത് വ്യക്തമാണ്. ഒളിവിൽ പോകുന്നത് വലിയ സംഭവം ഒന്നുമല്ല. ഇത് ഒരു വലിയ സംഭവമാക്കി ചിത്രീകരിക്കാൻ ശ്രമം നടന്നെന്നും എം.കുഞ്ഞഹമ്മദ് അറിയിച്ചു.
അറസ്‌റ്റും റിമാന്‍ഡും : എറണാകുളം മഹാരാജാസ് കോളജിന്‍റെ പേരില്‍ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ചമച്ച കേസില്‍ കസ്റ്റഡിയിലെടുക്കപ്പെട്ട കെ.വിദ്യയുടെ അറസ്‌റ്റ് വ്യാഴാഴ്‌ച രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് പകല്‍ 12.15 ഓടെ അഗളി പൊലീസ് വിദ്യയെ മണ്ണാർക്കാട് കോടതിയിലേക്ക് കൊണ്ടുപോയി. കോടതിയിലേക്ക് കൊണ്ടുപോകുന്നതിന് മുൻപ് ഹൈക്കോടതി അഭിഭാഷകൻ സെബിൻ സെബാസ്‌റ്റ്യന്‍ വിദ്യയെ കണ്ട് സംസാരിക്കുകയും ചെയ്‌തിരുന്നു.
തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ വിദ്യയെ ജൂണ്‍ 24 വരെ പൊലീസ് കസ്‌റ്റഡിയിലും, ജൂലൈ ആറ് വരെ റിമാന്‍ഡിലും വിട്ടു. എന്നാല്‍ തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന് വിദ്യ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. നിയമപരമായി ഏതറ്റം വരെയും പോകുമെന്ന് കോടതിയിലേക്ക് പോകുന്ന വഴി നല്‍കിയ പ്രതികരണത്തില്‍ വിദ്യ വ്യക്തമാക്കിയിരുന്നു.
പിടിയിലാകുന്നത് ഇങ്ങനെ : വ്യാജ രേഖ ചമച്ച സംഭവത്തില്‍ ഒളിവില്‍ പോയ 15 ദിവസങ്ങള്‍ക്കിപ്പുറം ബുധനാഴ്‌ച രാത്രിയാണ് കോഴിക്കോട് വച്ച് വിദ്യ പൊലീസ് പിടിയിലാകുന്നത്. മേപ്പയ്യൂരിലെ - ആവളയില്‍ സുഹൃത്തിന്‍റെ വീട്ടില്‍ നിന്നാണ് വിദ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് രാത്രി 12.33 ഓടെ വിദ്യയെ അഗളി പൊലീസ് സ്റ്റേഷനിലെത്തിച്ചിരുന്നു. പിന്നാലെ വിദ്യയെ വൈദ്യ പരിശോധനയ്‌ക്ക് വിധേയമാക്കി.
കേസ് വന്നതിങ്ങനെ : കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി നേടിയയാളാണ് കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി കെ.വിദ്യ. തുടര്‍ന്ന് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ കോളജില്‍ താത്‌കാലിക മലയാളം അധ്യാപികയായി ജോലി ലഭിക്കാന്‍ എറണാകുളം മഹാരാജാസ് കോളജിന്‍റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി സമര്‍പ്പിച്ചുവെന്നതാണ് ഇവര്‍ക്കെതിരെയുള്ള കേസ്. ഇക്കഴിഞ്ഞ ജൂണ്‍ രണ്ടിനാണ് വിദ്യ അട്ടപ്പാടി കോളജില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്.
സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിനെ തുടര്‍ന്ന് സംശയം തോന്നിയ അട്ടപ്പാടി കോളജ് അധികൃതര്‍ മഹാരാജാസ് കോളജുമായി ബന്ധപ്പെട്ടപ്പോഴാണ് സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന കാര്യം തിരിച്ചറിയുന്നത്. തുടര്‍ന്ന് മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കി. പ്രിന്‍സിപ്പലിന്‍റെ പരാതിയില്‍ ജൂണ്‍ ആറിനാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. എറണാകുളം പൊലീസെടുത്ത കേസ് പിന്നീട് അഗളി പൊലീസിന് കൈമാറുകയായിരുന്നു.