മലപ്പുറം: കൊവിഡ് ആശങ്കകൾക്കിടെ കരിപ്പൂർ വിമാനത്താവളം വഴി 347 പ്രവാസികൾ കൂടി ജന്മനാടിന്‍റെ കരുതലിലേക്ക് തിരിച്ചെത്തി. കുവൈറ്റില്‍ നിന്ന് 192 പേരും ജിദ്ദയില്‍ നിന്ന് 155 പേരുമാണ് തിരിച്ചെത്തിയത്. വിശദമായ പരിശോധനകൾക്ക് ശേഷം ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരെയും കൊവിഡ് ലക്ഷണങ്ങൾ ഉള്ളവരെയും ആശുപത്രികളിലേക്ക് മാറ്റി. കുവൈറ്റില്‍ നിന്ന് 192 യാത്രക്കാരുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഇന്നലെ രാത്രി 10.15 ഓടെയാണ് കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. 10 മണിക്ക് എത്തിയ വിമാനം കനത്ത മഴയെ തുടര്‍ന്ന് 15 മിനിറ്റ് വൈകിയാണ് ലാൻഡ് ചെയ്തത്.
എയ്റോ ബ്രിഡ്ജില്‍ തന്നെ മുഴുവന്‍ യാത്രക്കാരുടേയും ശരീരോഷ്മാവ് പരിശോധിച്ച ശേഷം ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക പരിശോധനകള്‍ക്ക് വിധേയരാക്കി. യാത്രക്കാരെ 20 പേരുള്ള ചെറു സംഘങ്ങളാക്കിത്തിരിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ കൊവിഡ് - ക്വാറന്‍റൈൻ ബോധവത്ക്കരണ ക്ലാസ് നല്‍കിയ ശേഷം അഞ്ച് കൗണ്ടറുകളിലായി ജില്ല തിരിച്ചുള്ള വിവര ശേഖരണം നടത്തി. എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധന എന്നിവയ്ക്ക് ശേഷമാണ് യാത്രക്കാരെ വിമാനത്താവളത്തിന് പുറത്തിറക്കിയത്. പ്രകടമായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരെ നേരിട്ട് ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്കും പ്രത്യേക പരിഗണന വിഭാഗത്തിലുള്ള മുതിര്‍ന്ന പൗരന്മാര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഉറ്റ ബന്ധുവിന്‍റെ മരണത്തെ തുടർന്ന് എത്തിയവർ എന്നിവരെ നേരിട്ട് വീടുകളിലേക്കും തുടര്‍ ചികിത്സയ്ക്ക് എത്തിയവരെ ആശുപത്രികളിലേക്കും മാറ്റി. മറ്റുള്ളവരെ കൊവിഡ് കെയര്‍ സെന്‍ററുകളിലേക്കും ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ നിരീക്ഷണത്തിനായി വിട്ടു. കൊവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയ ആറ് പേരെ മറ്റു യാത്രക്കാര്‍ക്കൊപ്പം വിമാനത്താവളത്തിനുള്ളില്‍ പ്രവേശിപ്പിക്കാതെ റണ്‍വെയില്‍ തന്നെ ആംബുലന്‍സുകള്‍ എത്തിച്ച് ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി.
ജിദ്ദയിൽ നിന്നുള്ള വിമാനം ഇന്ന് പുലർച്ചെ 1:15 ഓടെയാണ് കരിപ്പൂരിലെത്തിയത്. 155 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരാൾക്ക് മാത്രമാണ് കൊവിഡ് ലക്ഷണങ്ങൾ കണ്ടത്തിയത്. ജിദ്ദയിൽ നിന്നെത്തിയ യാത്രക്കാരിൽ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരെ ആശുപത്രികളിലേക്കും ബാക്കി ഉള്ളവരെ വീടുകളിലേക്കും കൊവിഡ് കെയർ സെന്‍ററുകളിലേക്കും മാറ്റി.