കോഴിക്കോട്: ആനക്കാം പൊയിലില്‍ കിണറ്റില്‍ നിന്നും രക്ഷപ്പെടുത്തിയ കാട്ടാന ചരിഞ്ഞു. കിണറിന്‍റെ 100 മീറ്റര്‍ സമീപത്തായാണ് ആനയുടെ ജഡം കണ്ടെത്തിയത്. വെള്ളിയാഴ്ച്ചയാണ് കോഴിക്കോട് തിരുവമ്പാടി മുത്തപ്പന്‍ പുഴക്കടുത്ത് കാട്ടാനയെ കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടേയും നാട്ടുകാരുടേയും മണിക്കൂറുകള്‍ നീണ്ട കഠിനമായ പരിശ്രമത്തിനൊടുവിലാണ് ആനയെ പുറത്തെത്തിച്ചത്. അഞ്ച് ദിവസം മുന്‍പാണ് കാട്ടാന 30 അടിയോളം താഴ്ചയുള്ള കിണറ്റില്‍ വീഴുന്നത്.
കൂടുതൽ വായനയ്‌ക്ക്: ആനക്കാംപൊയിലിൽ കാട്ടാന കിണറ്റിൽ വീണു;രക്ഷാപ്രവർത്തനം തുടരുന്നു
ആള്‍താമസമില്ലാത്ത പ്രദേശമായതിനാല്‍ വെള്ളിയാഴ്ച്ച പുലര്‍ച്ചെയാണ് ആനയെ കിണറ്റിൽ വീണ നിലയിൽ കാണുന്നത്. മൂന്ന് മണിക്കൂര്‍ സമയം എടുത്ത് ജെ.സി.ബി സ്ഥലത്തെത്തിച്ചാണ് ആനയെ പുറത്തെത്തിച്ചത്. പുറത്തെത്തിച്ച ആന ആളുകള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തുകയും അഫ്ക ലൈറ്റ് തകര്‍ക്കുകയും ചെയ്തിരുന്നു. ശേഷം പടക്കം പൊട്ടിച്ചാണ് ആനയെ കാട്ടിലേക്കയച്ചത്. അതേസമയം പ്രദേശത്ത് വന്യമൃഗ ശല്യം പതിവാണെന്ന് നാട്ടുകാർ പറയുന്നു.