കോഴിക്കോട്: ലോക്ക്ഡൗണിൽ കടകൾ തുറക്കുന്നതില്‍ നിയന്ത്രണങ്ങൾ വന്നതോടെ ദുരിതത്തിലായി കർഷകർ. നേന്ത്രവാഴ കൃഷി അടക്കം വിളവെടുക്കുന്ന സമയത്ത് വിപണി നഷ്‌ടപ്പെട്ടതോടെയാണ് കർഷകർക്ക് ഈ ദുരവസ്ഥ. വിലയിൽ വന്ന ഇടിവും കർഷകരെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കിലോയ്ക്ക് 50 രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ ലഭിക്കുന്നത് 25 രൂപ മാത്രമാണ്.
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച താങ്ങുവില ലഭിക്കുന്നില്ല എന്ന പരാതിയും ഉയരുന്നുണ്ട്. കഴിഞ്ഞ നവംബറിൽ കർഷകരുടെ അക്കൗണ്ടുകളിലേക്ക് പണം എത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും പിന്നീടത് ഡിസംബറിലേക്ക് മാറ്റി. ഡിസംബറിൽ കർഷകരിൽ ചിലർക്ക് മാത്രമാണ് പണം ലഭിച്ചതെന്നും ഇനിയും പണം ലഭിക്കാത്തവരുമുണ്ടെന്നും കർഷകർ പറയുന്നു. വാഴ, മരച്ചീനി, പൈൻ ആപ്പിൾ, പാവക്ക, വെള്ളരി, പയർ, കുമ്പളം തുടങ്ങിയ ഇനങ്ങൾക്കാണ് സർക്കാർ തറ വില പ്രഖ്യാപിച്ചിരുന്നത്. നേന്ത്രക്കായക്ക് 30 രൂപയായിരുന്നു തറവില. ഹോട്ടി കോർപ്പ് സംഭരിച്ച ഉൽപന്നങ്ങളുടെ വിലയും ആറ് മാസമായി മുടങ്ങിക്കിടക്കുകയാണ്.
ALSO READ: വേനല്‍മഴ: മടിക്കൈയിലെ വാഴ കര്‍ഷകര്‍ക്ക് പറയാനുള്ളത് കണ്ണീര്‍ക്കഥകള്‍