കോഴിക്കോട്: ചെണ്ടമേളത്തിൽ വിസ്മയം തീർത്ത് പത്ത് വയസുകാരൻ. കൊയിലാണ്ടി മുത്താമ്പിയിലെ 'കർണ്ണികാരത്തിൽ' പ്രതാപിന്‍റെയും ജിഷയുടേയും മകൻ ഋതുപർണ്ണഘോഷാണ് കൊട്ടിക്കയറുന്നത്. പെരുവട്ടൂർ അമൃത വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. വടക്കെ മലബാറിലെ തായമ്പക വിദ്വാൻ കലാമണ്ഡലം ശിവദാസൻ മാരാരുടെ ശിക്ഷണത്തിലാണ് ചെണ്ട അഭ്യസിച്ചത്.
അഞ്ചാം വയസിൽ പഠനം തുടങ്ങിയ ഋതുപർണ്ണഘോഷ് 2021 ഡിസംബറിൽ അരങ്ങേറ്റം കുറിച്ചു. മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, ചെറുതാഴം ചന്ദ്രൻ മാരാർ എന്നിവർക്കൊപ്പവും മേളത്തിൽ പങ്കെടുത്തു. തനിക്ക് സാധിക്കാതെ പോയത് മകനിലൂടെ നേടിയെടുത്തതിന്‍റെ അഭിമാന നിമിഷത്തിലാണ് അച്ഛൻ പ്രതാപ്. ഗർഭസ്ഥ ശിശുവായിരിക്കുമ്പോൾ തന്നെ ചെണ്ടമേളം കേൾപ്പിച്ച് തുടങ്ങിയതാണ്. അപ്പോൾ മുതൽ പ്രതികരിച്ച് തുടങ്ങിയ കുഞ്ഞ് വളരാൻ തുടങ്ങിയപ്പോഴും അത് തുടർന്നു.
Also Read: ആറ് വർഷത്തെ ശിക്ഷണം ; ചെണ്ടയിൽ അരങ്ങേറ്റം നടത്തി സി.ആർ മഹേഷ്
ഇളയച്ഛൻ പ്രദീപും ഋതുവിനെ പ്രോത്സാഹിപ്പിച്ചു. ചെണ്ടവാദ്യത്തിലെ അതിയായ ആഗ്രഹം ഒടുവിൽ ആശാന്‍റെ സന്നിധിയിലെത്തിച്ചു. വായ്ത്താരി മനസിലാക്കാൻ തുടങ്ങിയ കാലം മുതൽ കലാമണ്ഡലം ശിവദാസനൊപ്പമാണ് ഈ കൊച്ചു മിടുക്കൻ.
ഭാവിയിൽ അറിയപ്പെടുന്നവനാകണം എന്ന ചിന്തയിൽ നിന്നാണ് മകന് പുരാണത്തിലെ ഒരു രാജാവിന്‍റെ പേര് കണ്ടെത്തിയതെന്ന് പ്രതാപ് പറയുന്നു. യഥാർത്ഥ പേര് ഋതുപർണ്ണഘോഷ് എന്നാണെങ്കിലും വീട്ടുകാർക്കും കൂട്ടുകാർക്കും ഇവൻ ചന്തു ആണ്. അറിയപ്പെടുന്ന ഒരു ചെണ്ടമേളക്കാരനാവാനുള്ള ആഗ്രഹത്തോടെ പരിശീലനം മുറുക്കുകയാണ് ഈ പത്ത് വയസുകാരൻ.