കോഴിക്കോട്: മാവൂരിലെ സ്വകാര്യ ഹോട്ടലില്‍ ലഹരി വസ്‌തുക്കളുമായി ഒരു സ്‌ത്രീയടക്കം എട്ട് പേര്‍ അറസ്റ്റില്‍. വിപണിയില്‍ രണ്ട് ലക്ഷത്തിന് മേല്‍ വില വരുന്ന സിന്തറ്റിക്ക് ലഹരി മരുന്നുകള്‍ അടക്കമുള്ള ലഹരിവസ്‌തുക്കള്‍ ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
പൂച്ച അര്‍ഷാദ് എന്നറിയപ്പെടുന്ന കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി അര്‍ഷാദാണ് ഹോട്ടലില്‍ മുറയെടുത്തത്. വാഗമണ്‍ അടക്കമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഡിജെ പാര്‍ട്ടികളില്‍ സ്ഥിരമായി ലഹരിവസ്‌തുകള്‍ വിതരണം ചെയ്യുന്നയാളാണ് അര്‍ഷാദ്. അര്‍ഷാദ് ലഹരിമരുന്നുമായി ഹോട്ടലില്‍ മുറിയെടുത്തിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസും ഡാന്‍സാഫും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
പിടിയിലായ എട്ട് പേരും കോഴിക്കോട് സ്വദേശികളാണ്. സംഘം ദിവസങ്ങളായി ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു. പ്രതികളെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. മൂന്ന് പേരെ സ്റ്റേഷനിലേക്ക് മാറ്റി.
പിടിയിലായവര്‍ക്ക് അന്തര്‍സംസ്ഥാന ബന്ധമുണ്ടോ, പ്രതികള്‍ എന്തിനാണ് കോഴിക്കോട് ഹോട്ടലില്‍ മുറിയെടുത്തത്, സംഘം ഇവിടെ മയക്ക് മരുന്നു വില്‍പ്പനയ്‌ക്ക് എത്തിയതാണോ തുടങ്ങിയ കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ചു വരുകയാണ്. ഇത് കൂടുതല്‍ ചോദ്യം ചെയ്യലിലൂടെ മാത്രമേ വ്യക്തമാകുയെന്നും പൊലീസ് അറിയിച്ചു.