കോഴിക്കോട്: ജില്ലയില്‍ വീണ്ടും വൻ ലഹരി വേട്ട . 2800 ലഹരി ഗുളികകളുമായി കല്ലായി വലിയപറമ്പിൽ സഹറത്തിനെ (43) പൊലീസ് അറസ്റ്റ് ചെയ്തു. പന്നിയങ്കര എസ് ഐ സുഭാഷ് ചന്ദ്രന്‍, നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പി.സി. ഹരിദാസ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസും ജില്ലാ ആന്റി നാർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സും (ഡൻസാഫ്) ചേര്‍ന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കല്ലായി റെയിൽവേ ഗുഡ്‌സ് യാർഡിന് സമീപത്ത് നിന്നായിരുന്നു അറസ്റ്റ്. സ്പാസ്മോ പ്രോക്സിവോൺ പ്ലസ് എന്ന ലഹരി ഗുളികകളായിരുന്നു ഇയാളുടെ പക്കലുണ്ടായിരുന്നത്.
ക്രിസ്‌മസ് പുതുവര്‍ഷ ആഘോഷങ്ങള്‍ക്കായി വിദ്യാർത്ഥികള്‍ക്കും യുവാക്കള്‍ക്കും നല്‍കാനാണ് ഇത്രയധികം ലഹരി ഗുളികകൾ ഇയാള്‍ ജില്ലയിൽ എത്തിച്ചതെന്ന് പൊലീസ് അറിയിച്ചു. എസ്പി എന്ന പേരിലറിയപ്പെടുന്ന സ്പാസ്മോ പ്രോക്സിവോൺ പ്ലസിന്റെ 24 കാപ്സ്യൂളുകൾ അടങ്ങിയ ഒരു സ്ട്രിപ്പിന് മെഡിക്കൽ ഷോപ്പില്‍ 150 രൂപയാണ് വില. ഡോക്ടറുടെ കുറിപ്പില്ലാതെ ഇത്തരം ഗുളികകൾ മെഡിക്കൽ സ്റ്റോറുകളിൽ നിന്നും ലഭിക്കാറില്ല.
നിയമവിരുദ്ധമായി ഇത്തരം ഗുളികകൾ കച്ചവടം ചെയ്യുന്ന ഹൈദരാബാദിലെ ചില ഷോപ്പുകളിൽ നിന്നാണ് ഇയാൾ വലിയ അളവിൽ ഈ ഗുളിക കോഴിക്കോട്ടെത്തിച്ചതെന്നും പൊലീസ് പറഞ്ഞു. ലഹരി ഉപയോക്താക്കളായ യുവതീയുവാക്കൾക്കിടയിൽ 1800-2000 രൂപയ്ക്കാണ് ഇവ വില്പന നടത്തുന്നതെന്നും പൊലീസ് പറഞ്ഞു. ആന്ധ്രയിൽ നിന്നും ട്രെയിൻ മാർഗമാണ് ഇത്രയും ലഹരി ഗുളികകൾ ജില്ലയിൽ എത്തിച്ചത്.പൊലീസിനെയും എക്സൈസിനെയും കബളിപ്പിക്കുന്നതിനായി ഗുളികകൾ സ്ട്രിപ്പിൽ നിന്നും പുറത്തെടുത്ത് കവറിലാക്കിയാണ് ഇയാൾ കൊണ്ടു നടക്കാറുള്ളതെന്നും പൊലീസ് പറഞ്ഞു.