കോഴിക്കോട്: ഓണം ആഘോഷിക്കാൻ ഇന്നലെ കോഴിക്കോട് ബീച്ചിലെത്തി തിരമാലയിൽ അകപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കൊടുവള്ളി കണ്ടിയിൽ തൊടുകയില്‍ മുജീബിന്‍റെ മകന്‍ ആദിൽ അര്‍ഷാദി(15)ന്‍റെ മൃതദേഹമാണ് ഇന്ന് രാവിലെ ലഭിച്ചത്.
ഇന്നലെയാണ് കൊടുവള്ളിയില്‍ നിന്നും സൈക്കിളുമായാണ് ആദിലുള്‍പ്പെടെയുള്ള പത്തംഗ വിദ്യാര്‍ഥി സംഘം കോഴിക്കോട് നഗരത്തിലെത്തിയത്. 12 മണിയോടെ നഗരത്തിലെത്തിയ സംഘം തുടര്‍ന്ന് ബീച്ചില്‍ എത്തുകയായിരുന്നു. ലയണ്‍സ് പാര്‍ക്കിന് പിറകുഭാഗത്ത് കടലില്‍ കളിക്കുന്നതിനിടെയാണ് തിരയില്‍പ്പെട്ട് ആദിലിനെ കാണാതായത്.
വിവരമറിഞ്ഞെത്തിയ ബീച്ച് ഫയര്‍ഫോഴ്‌സിലെ ലീഡിംഗ് ഫയര്‍മാന്‍ ടി.വി.പൗലോസിന്‍റെ നേതൃത്വത്തിലുള്ള സംഘം തെരച്ചില്‍ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് മത്സ്യതൊഴിലാളികളും കോസ്റ്റല്‍ പൊലീസുമെത്തി ഇന്നലെ രാത്രിവരെ തെരച്ചില്‍ നടത്തിയെങ്കിലും വിദ്യാര്‍ഥിയെ കണ്ടെത്താനായിരുന്നില്ല. രാത്രി നിർത്തിവച്ച തെരച്ചിൽ ഇന്ന് രാവിലെ വീണ്ടും ആരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ് ആദിൽ.