കോഴിക്കോട് : മോൻസണ്‍ മാവുങ്കലിന്‍റെ പക്കലുള്ള ചെമ്പോല വ്യാജമാണെന്ന് വിശ്വസിക്കുന്നില്ലെന്ന് ചരിത്രകാരൻ ഡോ. എം.ആർ രാഘവ വാര്യർ. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം അദ്ദേഹത്തിൻ്റെ കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് ചേലിയയിലെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി.
അന്വേഷണ സംഘത്തോടും ഈ കാര്യങ്ങൾ തന്നെയാണ് പറഞ്ഞതെന്ന് അദ്ദേഹം ഇടിവി ഭാരതിനോട് പ്രതികരിച്ചു. എറണാകുളത്തുനിന്ന് എത്തിയ സംഘമാണ് അദ്ദേഹത്തില്‍ നിന്ന് വിവരങ്ങള്‍ തേടിയത്.
പുള്ളുവൻ പാട്ടിനെയും കണിയാൻ പാട്ടിനെയും കുറിച്ചാണ് അതിൽ പറയുന്നത്. ഇത് നാടൻ ആചാരങ്ങളാണ്. ശബരിമലയിലെ വൈദിക താന്ത്രിക വിധികളെ കുറിച്ചൊന്നും രേഖയിൽ പറയുന്നില്ല. ചൗരിമല എന്നാണ് ചെമ്പോലയിൽ ശബരിമല എന്നതിനെ പരാമര്‍ശിക്കുന്നതെന്നും രാഘവ വാര്യർ പറഞ്ഞു.
ALSO READ:'നോണ്‍ ഹലാല്‍' ബോര്‍ഡുവച്ചതിന് ആക്രമിച്ചെന്ന വ്യാജ പരാതി ; തുഷാരയടക്കമുള്ളവരെ ഇന്ന് ഹാജരാക്കും
ചരിത്രാന്വേഷി എന്ന നിലയിലാണ് മോൻസൻ്റെ വീട്ടിലെത്തി ചെമ്പോല വായിച്ചത്. പതിനേഴ്, പതിനെട്ട് നൂറ്റാണ്ടിലുള്ള കോലെഴുത്ത് എന്ന പഴയ മലയാളം ലിപിയാണ് അതിൽ ഉപയോഗിച്ചിരിക്കുന്നത്. അക്കങ്ങളും പുതിയ കാലത്ത് ഉപയോഗിക്കാത്ത രീതിയിലാണ് കുറിച്ചിട്ടുള്ളത്.
ചെമ്പോല വ്യാജമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാദത്തെ എതിർക്കാനില്ല. മോൻസൻ്റെ വീട്ടിൽ പോയതിൽ ഖേദവുമില്ല. ചരിത്രാന്വേഷണത്തിൽ വ്യക്തികൾ ഇല്ലെന്നും വസ്തുതകൾ മാത്രമാണ് തന്‍റെ മുന്നിലുള്ളതെന്നും ഡോ. എം.ആര്‍ രാഘവ വാര്യർ വ്യക്തമാക്കി.