കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പലായി ഡോ.കെ.കെ മുബാറക്കിനെ തന്നെ നിയമിക്കണമെന്ന് കേരള അഡ്‌മിനിസ്ട്രേറ്റിവ് ട്രിബ്യൂണൽ. നിലവിലെ പ്രിന്‍സിപ്പലിനെ മാറ്റി രണ്ടാഴ്‌ച്ചക്കകം മുബാറക്കിനെ നിയമിക്കണമെന്നാണ് ഉത്തരവ്. അഡ്‌മിനിസ്ട്രേറ്റിവ് ട്രിബ്യൂണൽ ചെയർമാൻ ജസ്റ്റിസ് സി.കെ അബ്‌ദുൽ റഹീമിന്‍റേതാണ് ഉത്തരവ്.
സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ നാല് മാസം ബാക്കി നില്‍ക്കേയാണ് ഉത്തരവിലൂടെ നിയമനം ലഭിക്കുന്നത്. നിലവിൽ വയനാട് മെഡിക്കൽ കോളജ് പ്രിൻസിപ്പലായ ഡോ. മുബാറക് കഴിഞ്ഞ ഏപ്രിലില്‍ കോഴിക്കോട് മെഡിക്കൽ കോളജ് പ്രിന്‍സിപ്പല്‍ ഒഴിവിലേക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ആ സ്ഥാനത്തേക്ക് ഡോ.ഇ.വി ഗോപിയെ സര്‍ക്കാര്‍ പരിഗണിച്ചു. ഇതിനെതിരെ മുബാറക് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു.
മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഇ.വി ഗോപിയെ നിയമിച്ചതെന്നായിരുന്നു മുബാറക്കിന്‍റെ വാദം. മുബാറക്കിന്‍റെ വാദം ശരിവച്ച ട്രിബ്യൂണല്‍ മുബാറക്കിനെ പ്രിന്‍സിപ്പലായി നിയമിക്കാന്‍ ഉത്തരവിടുകയായിരുന്നു. വയനാട് മെഡിക്കല്‍ കോളജിലെ മറ്റ് വിഭാഗങ്ങളിലെ ഡോക്‌ടര്‍മാര്‍ക്കെല്ലാം സ്ഥലം മാറ്റം നല്‍കിയെങ്കിലും കോളജ് നിർമാണം നടക്കുന്നത് ചൂണ്ടിക്കാട്ടിയാണ് മുബാറക്കിന്‍റെ അപേക്ഷ സര്‍ക്കാര്‍ നിരസിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളജ് അനസ്തേഷ്യോളജി വിഭാഗം മേധാവിയായിരുന്ന ഡോ.കെ.കെ. മുബാറക് തൃശൂർ മെഡിക്കൽ കോളജിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രശസ്ത ഇന്ത്യൻ ജേണൽ ആയ അനസ്തേഷ്യ ആൻഡ് അനഗേസ്യയുടെ ചീഫ് എഡിറ്ററായും ഇന്ത്യൻ സൊസൈറ്റി ഓഫ് അനസ്തേഷ്യോളജിസ്റ്റ്സ് തൃശൂർ, കോഴിക്കോട് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.