കോഴിക്കോട്: കൊവിഡ് വാക്‌സിൻ വിതരണം സുഗമമായി എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നതിൽ ആശങ്കപ്പെട്ട് ആരോഗ്യ വകുപ്പ്. ഉദ്യോഗസ്ഥർ തല പുകഞ്ഞ് ആലോചിച്ചിട്ടും ആശയക്കുഴപ്പം മാറുന്നില്ല. അറുപത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസിന് മുകളില്‍ പ്രായമുള്ള മറ്റ് അരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കുമാണ് നിലവിൽ വാക്സിന്‍ നല്‍കുന്നത്. കൊവിഡ് വൈബ് സൈറ്റിലോ (https://www.cowin.gov.in) ആശുപത്രിയില്‍ നേരിട്ടെത്തിയോ രജിസ്റ്റര്‍ ചെയ്ത് വാക്‌സിന്‍ സ്വീകരിക്കാമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിർദേശം. എന്നാൽ നേരിട്ടെത്തുന്നവരെയും ഓൺലൈൻ വഴി എത്തുന്നവരെയും നിയന്ത്രിക്കാൻ വാക്സിൻ സെന്‍ററിൽ ഉള്ളവർക്ക് കഴിയുന്നില്ല. ഇതൊരു പ്രശ്നമായി നിലനിൽക്കുകയാണെന്നും വാക്സിൻ രജിസ്ട്രേഷൻ ഓൺലൈൻ വഴി മാത്രമായി നിജപ്പെടുത്തുമെന്നും കോഴിക്കോട് ജില്ല മെഡിക്കൽ ഓഫീസർ ഡോ.വി ജയശ്രീ പറഞ്ഞു. എന്നാൽ ആരുമില്ലാത്ത പ്രായമായവർക്ക് ഈ സംവിധാനം നടപ്പാക്കാൻ കഴിയുമോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ഡിഎംഒയ്ക്കും ഇല്ല. ജനങ്ങൾ സഹകരിച്ചാൽ മാത്രമെ പദ്ധതി വിജയിപ്പിക്കാൻ കഴിയൂ എന്നും ഡിഎംഒ വ്യക്തമാക്കി.
മുന്‍ഗണനാക്രമമനുസരിച്ച് എല്ലാവര്‍ക്കും തൊട്ടടുത്ത വാക്സിനേഷന്‍ കേന്ദ്രത്തില്‍ നിന്നും വാക്സിന്‍ ലഭ്യമാകുമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ നിശ്ചയിക്കുന്ന സ്വകാര്യ ആശുപത്രികള്‍, പൊതു കെട്ടിടങ്ങള്‍ എന്നിവിടങ്ങളിലായി 1000ത്തോളം കേന്ദ്രങ്ങളിലാണ് വാക്സിന്‍ നല്‍കുന്നത്. ആരോഗ്യ പ്രവര്‍ത്തകരുടെ രണ്ടാം ഡോസ് വാക്സിനേഷന്‍ ഈ മാസം അവസാനത്തില്‍ കഴിയുന്നതോടെ 60 വയസ് കഴിഞ്ഞവര്‍ക്കും മറ്റ് അസുഖങ്ങളുള്ള 45 വയസ് കഴിഞ്ഞവര്‍ക്കും വാക്സിന്‍ എടുക്കാന്‍ സാധിച്ചേക്കും. വരും ദിവസങ്ങളില്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ സൗകര്യം ലഭ്യമാക്കാൻ പദ്ധതിയുണ്ടെന്നും ഏപ്രിൽ പകുതിയോ നിലവിലെ വാക്സിനേഷൻ യജ്ഞം പൂർത്തിയാക്കാൻ കഴിയുമെന്നുമാണ് പ്രതീക്ഷ. നിലവിൽ വാക്സിൻ ക്ഷാമമില്ല. കോഴിക്കോട് 13,120 ഡോസ് വാക്സിൻ കൂടി എത്തുന്നുണ്ടെന്നും ഡിഎംഒ പറഞ്ഞു.