കോഴിക്കോട് : സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍ (അലി അക്ബര്‍) ബിജെപിയില്‍ നിന്നും രാജിവച്ചു. ഫേസ്ബുക്കിലൂടെയാണ് പാര്‍ട്ടി ബന്ധം പൂര്‍ണമായി ഉപേക്ഷിച്ചതായി രാമസിംഹന്‍ അറിയിച്ചത്. അഭിപ്രായം സ്വതന്ത്രമായി രേഖപ്പെടുത്താൻ വേണ്ടിയാണ് ഈ രാജിയെന്ന് രാമസിംഹൻ ഇടിവി ഭാരതിനോട് പറഞ്ഞു.
എന്ത് കണ്ടാലും പ്രതികരിക്കുന്നതാണ് തൻ്റെ രീതി, ഒരു കലാകാരനേ അത് സാധിക്കൂ, രാഷ്ട്രീയക്കാരൻ ആയാൽ അത് നടക്കില്ല. കേരളത്തിലെ ബിജെപിയുടെ വളർച്ച അനുദിനം താഴോട്ടാണ്. നന്നായി പ്രവർത്തിക്കാത്ത ഒരു യന്ത്രമാണ് കേരളത്തിലെ ബിജെപി. ബെല്ലും ബ്രേക്കുമില്ലാത്ത അതിൻ്റെ പ്രവർത്തനം വഴിയിൽ നിലക്കുമെന്നും രാമസിംഹൻ പറഞ്ഞു.
ആർഎസ്എസിന്‍റെ ചെറിയ പിന്തുണ ഒന്ന് മാത്രമാണ് ബിജെപിക്ക് ഇത്രയെങ്കിലും വോട്ട് കിട്ടാൻ കാരണം. പ്രവർത്തനം ശരിയല്ലാത്തത് കൊണ്ടാണ് ആർഎസ്എസും ബിജെപിയോട് മുഖം തിരിക്കുന്നത്. രാജസേനനും ഭീമൻ രഘുവും തെരെഞ്ഞെടുത്ത വഴിയിൽ സിപിഎമ്മിലേക്കും ഇല്ല. ഒരു രാഷ്ട്രീയത്തിനും അടിമയാകാനില്ല. ഹിന്ദുമതം സ്വീകരിച്ചപ്പോൾ ഏറ്റെടുത്ത പേരാണ് രാമസിംഹൻ. അത് നിലനിർത്തി വിശ്വാസത്തിനൊപ്പം ധാർമ്മിക പ്രവർത്തനങ്ങളിൽ തുടരും.
1921 പുഴ മുതൽ പുഴ വരെ എന്ന സിനിമയുമായി ബന്ധപ്പെട്ട് വലിയ തിക്താനുഭവമാണ് ഉണ്ടായത്. ഒരു ഫിലിം ഓഫിസറിൽ നിന്നാണ് അത് ഉണ്ടായത്. സിനിമ ഒരു തരത്തിലും വെളിച്ചം കാണിക്കാതിരിക്കാനുള്ള എല്ലാ വഴികളും ആ ഓഫിസർ സ്വീകരിച്ചു. അതിനെതിരെ പ്രതികരിക്കാൻ ബിജെപി ഭരിക്കുന്ന ഈ രാജ്യത്ത് ഒരാളും ഒപ്പം നിന്നില്ല എന്നും രാമസിംഹൻ പറഞ്ഞു.
സിനിമയിലെ പ്രവർത്തനങ്ങൾ തുടരും. 1921 പുഴ മുതൽ പുഴ വരെ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയാണ്. ഒപ്പം പുതിയ ഒരു സിനിമ ആലോചനയിൽ ഉണ്ടെന്നും രാമസിംഹൻ കൂട്ടിച്ചേർത്തു. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കൊടുവള്ളിയിൽ നിന്നുള്ള ബിജെപി സ്ഥാനാർഥിയായിരുന്നു അലി അക്ബർ. കെ. സുരേന്ദ്രന്‍ വിഭാഗം നടത്തുന്നത് ഏകാധിപത്യവും വെട്ടിയൊതുക്കലുമാണെന്ന് തുറന്നടിച്ച് അലി അക്ബര്‍ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് നേരത്തെ രാജിവച്ചിരുന്നു.
തുടരുന്ന രാജിക്കഥ: ഒരാഴ്ച മുൻപാണ് സംവിധായകൻ രാജസേനൻ, നടൻ ഭീമൻ രഘു എന്നിവർ ബിജെപി വിട്ടത്. ഇരുവരും സിപിഎമ്മുമായി സഹികരിച്ച് പ്രവർത്തിക്കുമെന്നാണ് അറിയിച്ചത്. ബിജെപി സംസ്ഥാന നേതൃത്വത്തിന് എതിരെ രൂക്ഷ വിമർശനമാണ് രാജസേനൻ രാജി പ്രഖ്യാപനത്തില്‍ നടത്തിയത്. അതിനു ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ എകെജി സെന്‍ററിലെത്തി അദ്ദേഹം കാണുകയും ചെയ്‌തിരുന്നു. 2016ലെ രാജസേനനും ഭീമൻ രഘുവും നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർഥികളായിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം : ഒരു മുസൽമാൻ ഭാരതീയ ജനത പാർട്ടിയിൽ നിലകൊള്ളുമ്പോൾ അനുഭവിക്കേണ്ടി വരുന്ന തെറിവിളികൾ, സ്വകുടുംബത്തിൽ നിന്നും സമുദായത്തിൽ നിന്നും നേരിടേണ്ടി വരുന്ന അവഹേളനം ഇതൊക്കെ സമാന്യ ജനങ്ങൾക്ക് മനസ്സിലായി എന്ന് വരില്ല. പക്ഷെ, രാഷ്ട്രീയ നേതൃത്വത്തിനു മനസ്സിലാവണം. അധികാരവും ആളനക്കവുമുള്ളപ്പോൾ ഉള്ളപ്പോൾ ഓടിക്കൂടിയ എന്നെപ്പോലുള്ളവരെക്കുറിച്ചല്ല ഞാൻ പറയുന്നത്, വർഷങ്ങൾക്കു മുൻപേ സംഘിപ്പട്ടം കിട്ടിയ മുസ്ലീങ്ങളെക്കുറിച്ചാണ്.
അവരൊക്കെ കഴിഞ്ഞ പൗരത്വ വിഷയ സമയത്തൊക്കെ കേരളത്തിൽ ഓടി നടന്നു പ്രവർത്തിക്കുന്നതും കണ്ടു. ഒരുപാട് പേരെ എനിക്കറിയാം.. മുൻപ് പറഞ്ഞ സാമൂഹിക വേട്ടയാടലിനെ കൂസാക്കാതെ ധർമ്മത്തെ അറിഞ്ഞു പുൽകിയവർ... രാഷ്ട്രം എന്ന വികാരത്തോടെ ചലിച്ചവർ... അത്തരത്തിൽ ചിലരെ വേട്ടയാടുന്നത് കണ്ടു... വേദനയുണ്ട്. ഒരുവനു നൊന്താൽ അത് പറയണം, പ്രതിഫലിപ്പിക്കണം അത് സമാന്യ യുക്തിയാണ്. പൂട്ടിട്ട് പൂട്ടിവയ്ക്കാൻ യന്ത്രമല്ല... അതിനെ അത്തരത്തിൽ കാണാതെ അംശവടികൊണ്ട് തടവലല്ല പരിഹാരം.
കാണുന്ന കാഴ്‌ചയും, കേൾക്കുന്ന കേൾവിയും ഒരു മനുഷ്യനിൽ ചലനം സൃഷ്‌ടിക്കും അതുകൊണ്ടാണല്ലോ ആർജ്ജുനൻ അധർമ്മികളായ ബന്ധു ജനങ്ങൾക്കിടയിൽ വില്ലുപേക്ഷിക്കാൻ തയ്യാറായപ്പോൾ ഭാഗവാന് ഉപദേശം നൽകേണ്ടിവന്നത്.. കൃഷ്‌ണൻ അർജ്ജുനനെ മാറ്റിനിർത്തി മറ്റൊരാളെ യുദ്ധത്തിന് പ്രേരിപ്പിക്കയല്ല ചെയ്‌തത്.. മഹാഭാരത കഥ ഓർമ്മിപ്പിച്ചു എന്നേയുള്ളു...കൃഷ്‌ണപക്ഷം നിന്നു വേണം പ്രതിസന്ധികളെ നേരിടാൻ,
ഒച്ചയില്ലാത്തവന്‍റെ ആയുധമാണ് അക്ഷരങ്ങൾ.. അത് കുറിക്കാൻ വിരൽ ആവശ്യപ്പെടും.. ആര് പൊട്ടിച്ചെറിഞ്ഞാലും ധർമ്മവാദികളെ ഒന്നും ബാധിക്കയില്ല അത് ധർമ്മത്തോടൊപ്പം ഒറ്റയ്ക്കാണെങ്കിലും സഞ്ചരിക്കും,
ചില ആനുകാലിക സംഭവങ്ങൾ ഹൃദയത്തെ വേട്ടയാടി അത് ഒന്ന് തീർക്കുന്നു.
എല്ലാ ഉത്തരവാദിത്വങ്ങളുമൊഴിഞ്ഞു, പക്ഷങ്ങളില്ലാതെ മുൻപോട്ടു പോവാൻ തീരുമാനിച്ചു...
എന്ത് കർത്തവ്യമാണോ ഭഗവാൻ എന്നിലർപ്പിച്ചത് അത് യജ്ഞ ഭാവത്തോടെ ചെയ്യാൻ ഭഗവാൻ സഹായിക്കട്ടെ.
''പണ്ട് പണ്ട് കുമ്മനം രാജേട്ടൻ തോറ്റപ്പോൾ വാക്ക് പാലിച്ചു മൊട്ടയടിച്ചു, ഇനി ആർക്കും വേണ്ടി മൊട്ടയടിക്കില്ല എനിക്ക് വേണ്ടിയല്ലാതെ.. ഒപ്പം ഒരു സന്തോഷം പങ്ക് വയ്ക്കട്ടെ ഇപ്പോൾ ഞാൻ ഒരു രാഷ്ട്രീയത്തിനും അടിമയല്ല.. തികച്ചും സ്വതന്ത്രൻ.... എല്ലാത്തിൽ നിന്നും മോചിതനായി.. ഒന്നിന്‍റെ കൂടെമാത്രം, ധർമ്മത്തോടൊപ്പം 🙏ഹരി ഓം..'' രാമസിംഹന്‍.