കോഴിക്കോട്: ശാരീരിക അവശതകൾ കാരണം വീട്ടിലെ നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടിയവർ ചങ്ങാത്തപ്പന്തലിന്‍റെ വേദിയിലെത്തിയപ്പോൾ ആവേശഭരിതരായി. പാട്ട് പാടിയും ചുവട് വച്ചും സ്വയം മറന്ന് അവർ വേദിയിൽ നിറഞ്ഞ് നിന്നപ്പോൾ കണ്ട് നിന്നവർക്ക് പോലും അത് വേറിട്ട അനുഭവമായി. ഭിന്നശേഷിക്കാരുടെ സ്വതന്ത്ര കൂട്ടായ്മയായ എയ്ഞ്ചൽ സ്റ്റാർസിന്‍റെ ഏഴാം വാർഷിക വേദിയായ ചങ്ങാത്തപ്പന്തലിലാണ് ഭിന്നശേഷിക്കാർ സ്വയം മറന്ന് ആടിപാടിയത്.
വേച്ചുപോവുന്ന പാദങ്ങളും വിറകൊള്ളുന്ന കരങ്ങളുമാണെങ്കിലും തളർന്ന് പോവില്ല തങ്ങളെന്ന് പരിപാടിയിൽ പങ്കെടുത്തവരെല്ലാം പറഞ്ഞത് ആത്മവിശ്വാസം ഇരട്ടിയാക്കി. ഒന്നര വയസിൽ പോളിയോ ബാധിച്ച് അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട ചേമഞ്ചേരി സ്വദേശിനി സാബിറയും അപകടത്തിൽ പരിക്കേറ്റ് ജീവിതം വീൽചെയറിലായ പ്രഭാകരനും ചേർന്നാണ് എയ്ഞ്ചൽ സ്റ്റാർസ് ആരംഭിക്കുന്നത്. തങ്ങളെപ്പോലെ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെയാണ് കൂട്ടായ്മ രൂപീകരിച്ചത്. വർഷത്തിൽ രണ്ടു തവണ എയ്ഞ്ചൽ സ്റ്റാർസ് കലാപരിപാടികളും കിടപ്പിലായവരുടെ ഒത്തുചേരലും നടത്താറുണ്ട്.