കോഴിക്കോട് : ഇതൊരു വീടാണെന്ന് പറയാം. കോഴിക്കോട് മാവൂർ വളയന്നൂരിലെ അനിതയുടെ വീട്. ഹൃദയമുള്ളവർക്കൊന്നും ഇക്കാഴ്‌ചകൾ കണ്ട് തീർക്കാനാകില്ല.
39 വയസായി അനിതയ്ക്ക്. ഭിന്നശേഷിക്കാരിയാണ്. താങ്ങും തണലും ആയിരുന്ന സഹോദരൻ 24 വർഷം മുമ്പാണ് മരിച്ചത്. പിന്നെ അമ്മയുടെ സംരക്ഷണയിലായി ജീവിതം. ഏഴുവർഷം മുമ്പ് അമ്മയും വിട്ടുപിരിഞ്ഞു. അതോടെ ആരുമില്ലാതായ അനിതയുടെ ജീവിതം ഇങ്ങനെയൊക്കെയാണ്.
വീടെന്നു തോന്നിക്കുന്ന ഈ രൂപത്തിനുള്ളില്‍ നിറയെ കുഴികളാണ്. പാമ്പും ചേരയും മറ്റു ക്ഷുദ്രജീവികളുടെയും താവളം. കട്ടിലിന്റെ ഫ്രെയിമിന് മുകളിൽ ഒരു പലക. ചോർന്നൊലിക്കാതിരിക്കാൻ മേൽക്കൂരയില്ല. മഴയത്ത് എന്താണ് ചെയ്യുന്നതെന്ന് ആർക്കുമറിയില്ല. പഴകി ദ്രവിച്ച ക്ലോസറ്റിന്റെ മുകളിൽ ഒരു തുണിയിട്ട് മൂടിയിരിക്കുന്നു. അടുക്കളയുണ്ട്. പക്ഷേ തീ പുകയാൻ പാത്രങ്ങളില്ല. അയല്‍വാസികൾ ഭക്ഷണം നല്‍കും. മാവൂർ ബഡ്സ് സ്കൂളിലെ വിദ്യാർത്ഥിയാണ് അനിത. കേരളം ഭിന്നശേഷി സൗഹൃദമെന്ന് പറയുന്നുണ്ടെങ്കിലും അനിതയുടെ ജീവിതം ആരും കാണുന്നില്ല. കണ്ടവർ കണ്ണടയ്ക്കുന്നു...