കോഴിക്കോട് : പുതിയറയിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. പടന്നേൽ പത്മാവതിയാണ് വീടിന് സമീപത്തെ പറമ്പിൽ പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ചത്.അപകട കാരണം കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ ഗുരുതര അനാസ്ഥയാണെന്ന് ബന്ധുക്കൾ ആരോപിച്ചു.
ALSO READ: കോഴിക്കോട് വളയത്ത് 1560 ലിറ്റർ വാഷും, വാറ്റുപകരണങ്ങളും പിടികൂടി
ചൊവ്വാഴ്ച്ച രാവിലെ 10 മണിയോടെ പത്മാവതിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് ഷോക്കേറ്റ നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തെ പറമ്പിലുള്ള ഓവുചാലിൽ വൈദ്യുതി കമ്പി കയ്യിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. രണ്ട് ദിവസം മുമ്പ് വൈദ്യുതി ലൈൻ പൊട്ടിയ വിവരം കെ.എസ്.ഇ.ബിയിൽ അറിയിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. ഒരാളുടെ മരണം സംഭവിച്ച ശേഷമാണ് അധികൃതർ എത്തിയത്.
ALSO READ: കരിപ്പൂർ വിമാനത്താവളം : സ്പെഷ്യൽ റവന്യൂ ഓഫിസ് മാറ്റരുതെന്ന് ആവശ്യം
അപകടത്തിന് കാരണക്കാരായവർക്ക് എതിരെ ശക്തമായ നടപടി വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. പൊറ്റമ്മൽ കെ.എസ്.ഇ.ബിയ്ക്ക് കീഴിൽ ജീവനക്കാരുടെ അനാസ്ഥ പതിവാണെന്നാണ് നാട്ടുകാരുടെ ആരോപണം. പ്രദേശത്തെ വൈദ്യുതി ലൈനുകളിൽ പലതും അപകടകരമായ അവസ്ഥയിലാണ്. പലതവണ പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നും ഇനിയൊരു അപകടം ഉണ്ടാകാൻ ഇടയാക്കാതെ പ്രശ്ന പരിഹാരം വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.