കോഴിക്കോട്: കല്ലാച്ചി മാർക്കറ്റ് റോഡിൽ ജ്വല്ലറി കുത്തിത്തുറന്ന് 55 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ മൂന്ന് വർഷമായി ഒളിവിലായിരുന്ന പ്രതി കണ്ണൂരിൽ അറസ്റ്റിൽ. തമിഴ്‌നാട് സ്വദേശി മഞ്ജുനാഥ്(23)നെയാണ് കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
2018 ഡിസംബർ 3ന് പുലർച്ചെയാണ് മഞ്ജു നാഥിന്‍റെ നേതൃത്വത്തിലുള്ള സംഘം ജ്വല്ലറിയുടെ ചുമര് തുരന്ന് ലോക്കറിൽ സൂക്ഷിച്ചിരുന്ന 55 ലക്ഷം രൂപ വില വരുന്ന ഒന്നേമുക്കാൽ കിലോ സ്വർണാഭരണങ്ങളും 6 കിലോ വെള്ളി ആഭരണങ്ങളും മോഷ്ടിച്ചത്. കേസിലെ മറ്റു പ്രതികളായ സൂര്യ, അഞ്ച് പുലി, രാജ എന്നിവരെ അന്നത്തെ നാദാപുരം എസ്ഐ എൻ.പ്രജീഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് നേരത്തെ അറസ്റ്റ് ചെയ്യുകയും മോഷണ മുതലുകൾ കണ്ടെടുക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം കണ്ണൂർ ടൗണിൽ യുവതിയുടെ സ്വർണ മാല പൊട്ടിച്ചെടുത്ത് ഓടി രക്ഷപ്പെടാൻ ശ്രമിച്ച മഞ്ജുനാഥിനെ പൊലീസ് പിന്തുടർന്ന് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കല്ലാച്ചി ജ്വല്ലറി കവർച്ച കേസിലെ പ്രതിയാണ് എന്ന് അറിയുന്നത്.
കല്ലാച്ചിയിലെ മോഷണ മുതലുകൾ വളാഞ്ചേരിയിലെ ജ്വല്ലറിയിൽ വിൽപന നടത്തിയതായി പ്രതി പൊലീസിന് മൊഴി നൽകി. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പുളിക്കൽ, തൃശ്ശൂർ ഒല്ലൂരിലെ ആത്മിക ജ്വല്ലറി മോഷണക്കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.