കോഴിക്കോട്: നടക്കാവ് വൊക്കേഷണൽ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ബീന ഫിലിപ്പിനെ കോഴിക്കോട് കോര്‍പ്പറേഷന്‍ മേയറാക്കാൻ തീരുമാനം. ജില്ലാ കമ്മിറ്റി അംഗം കാനത്തില്‍ ജമീല ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റിന്‍റെ തീരുമാനം ജില്ലാ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാന സമിതിയുടെ അനുമതി ലഭിച്ചതിന് ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം. മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. എസ്.ജയശ്രീ, ഡോ. ബീന ഫിലിപ്പ് എന്നിവരെയാണ് മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. പൊറ്റമ്മല്‍ വാര്‍ഡില്‍ നിന്നാണ് ബീന ഫിലിപ്പ് ജയിച്ചത്.
1978 ല്‍ അധ്യാപികയായി ജോലി ആരംഭിച്ച ബീന ഫിലിപ്പ് ബേപ്പൂര്‍ ഫിഷറീസ് സ്‌കൂളിലും കിണാശ്ശേരി, ആഴ്ചവട്ടം, പറയഞ്ചേരി, പാലാഴി, മാവൂര്‍, മെഡിക്കല്‍ കോളജ് ക്യാംപസുകളിലും ജോലി ചെയ്തു. ആഴ്ചവട്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, നടക്കാവ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പലുമായിരുന്നു. ജില്ലാ പഞ്ചായത്തിലേക്ക് സിപിഎമ്മിനായി മത്സരിച്ച വനിതകളിലെ ഏക ജില്ലാ കമ്മിറ്റി അംഗമാണ് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന കാനത്തില്‍ ജമീല. നന്‍മണ്ട ഡിവിഷനില്‍ നിന്നും മികച്ച ഭൂരിപക്ഷത്തിലാണ് ജമീല ഇത്തവണ ജയിച്ചത്.