കോഴിക്കോട്: ലോകകപ്പ് ആവേശത്തിൽ കോളജ് ഗ്രൗണ്ടിൽ വാഹനങ്ങളിൽ അപകടകരമായ രീതിയിൽ അഭ്യാസ പ്രകടനം നടത്തി വിദ്യാർഥികൾ. കുന്ദമംഗലം കാരന്തൂർ മർക്കസ് കോളജിലെ വിദ്യാർഥികളാണ് ഇന്നലെ ഉച്ചയോടെ കോളജ് ഗ്രൗണ്ടിൽ അഭ്യാസ പ്രകടനം നടത്തിയത്. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു.
കോളജ് ഗ്രൗണ്ടിൽ നാലോളം കാറുകളിലും ബൈക്കിലുമായാണ് അഭ്യാസ പ്രകടനം നടത്തിയത്. കാറിന്‍റെ ഡോറിലും ഡിക്കിയിലും ബോണറ്റിലും ഫുട്ബോൾ ആരാധകരായ വിദ്യാർഥികൾ കയറി നിന്നായിരുന്നു അഭ്യാസ പ്രകടനം. വിവിധ രാജ്യങ്ങളുടെ കൊടിയേന്തിയും മുദ്രാവാക്യം വിളിച്ചും ലോകകപ്പിലെ പ്രധാന കളിക്കാർക്ക് പുന്തുണ അറിയിച്ചുകൊണ്ടുമായിരുന്നു വാഹനാഭ്യാസം.
അഭ്യാസ പ്രകടനം കോളജ് ഗ്രൗണ്ടിൽ നിന്ന് വയനാട് റോഡിലേക്കും നീങ്ങിയതോടെ നാട്ടുകാർ ഇടപെട്ടു. കാരന്തൂർ ഓവുങ്ങരയിൽ വച്ച് നാട്ടുകാർ സംഭവം ചോദ്യം ചെയ്‌തതോടെ വീണ്ടും വാഹനങ്ങളുമായി കോളജ് ഗ്രൗണ്ടിൽ തിരികെയെത്തി അഭ്യാസ പ്രകടനം തുടർന്നു. കോളജ് അധികൃതരും നാട്ടുകാരും വിവരം അറിയിച്ചതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് സ്ഥലത്തെത്തി.
നിയമ ലംഘനം നടത്തിയ വാഹന ഉടമകൾക്കെതിരെ കർശന നടപടി എടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. വാഹനം ഓടിച്ചവരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്നും പിഴ ഈടാക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.