കോഴിക്കോട് : വഖഫ് ബോർഡ് ചെയർമാൻ സ്ഥാനത്തുനിന്ന് ഒഴിയാൻ ടി കെ ഹംസയ്ക്ക് സിപിഎം നിർദേശം. വകുപ്പ് മന്ത്രി വി. അബ്‌ദുറഹിമാനുമായുള്ള ഭിന്നത രൂക്ഷമായതിന് പിന്നാലെയാണ് ഹംസയ്ക്ക് പുറത്തുപോകേണ്ടി വരുന്നത്. ബോർഡിലെ പ്രതിസന്ധികൾ ചർച്ച ചെയ്യാൻ നാളെ യോഗം ചേരാനിരിക്കെയാണ് തീരുമാനം.
കാലാവധി തീരാൻ ഒന്നര വർഷത്തോളം ബാക്കിയുള്ളപ്പോഴാണ് ഹംസയ്ക്ക് സ്ഥാനം നഷ്‌ടമാകുന്നത്. എന്നാൽ ആരോഗ്യ പ്രശ്‌നങ്ങൾ കാരണം രാജിവയ്ക്കുന്നു എന്നാണ് ഹംസയുടെ വിശദീകരണം. മന്ത്രിയുമായി ഭിന്നതയില്ലെന്നും ഹംസ വ്യക്തമാക്കി.
86കാരനായ ഹംസയും മന്ത്രിയും തമ്മിലുള്ള ഭിന്നത കാരണം വഖഫ് ബോർഡിൽ പ്രതിസന്ധിയുണ്ടാകുന്നതായി നേരത്തേ ആക്ഷേപം ഉയർന്നിരുന്നു. മന്ത്രി വിളിച്ചുചേർത്ത യോഗങ്ങളിൽ ഹംസ പങ്കെടുക്കാതിരുന്നതാണ് പ്രശ്‌നങ്ങൾ വഷളാക്കിയത്. മന്ത്രിയുടെ ഇടപെടലുകളിൽ അതൃപ്‌തി പ്രകടിപ്പിച്ച് ഹംസ സിപിഎം നേതൃത്വത്തെ സമീപിച്ചെങ്കിലും പാർട്ടി കൈവിടുകയായിരുന്നു. ബോർഡിലെ പ്രതിസന്ധികൾ ചർച്ച ചെയ്യണം എന്ന് കാണിച്ച് അംഗങ്ങളായ എം സി മായിൻഹാജി, പി ഉബൈദുല്ല എംഎൽഎ, പി വി സൈനുദ്ദീൻ എന്നിവർ കത്തും നൽകിയിരുന്നു.
നാളെയാണ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ടി കെ ഹംസ രാജിവയ്‌ക്കുന്നത്. കാലാവധി തീരാന്‍ ഒന്നര വര്‍ഷം കൂടി ബാക്കിനില്‍ക്കെയാണ് ഹംസയുടെ രാജി. സിപിഎം നിശ്ചയിച്ചിരുന്ന പ്രായപരിധി പിന്നിട്ടതിനാലാണ് രാജി എന്നും പ്രായപരിധി കഴിഞ്ഞിട്ടും തനിക്ക് നാലുവര്‍ഷം കൂടി പദവിയില്‍ തുടരാന്‍ സാധിച്ചെന്നും ടി കെ ഹംസ പ്രതികരിച്ചു.
വകുപ്പ് മന്ത്രി പങ്കെടുത്ത വഖഫ് ബോര്‍ഡ് യോഗത്തില്‍ നിന്ന് ചെയര്‍മാന്‍ ആയ ഹംസ മാറിനില്‍ക്കുന്നു എന്ന തരത്തില്‍ മിനുട്‌സുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രി അബ്‌ദുറഹിമാനും ടി കെ ഹംസയും തമ്മില്‍ ഭിന്നതയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നത്. വിഷയവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായും വാര്‍ത്ത വന്നിരുന്നു. പിന്നാലെ ടി കെ ഹംസ രാജിവയ്‌ക്കുമെന്ന് അഭ്യൂഹവും ഉയര്‍ന്നു.
എന്നാല്‍ വാര്‍ത്തകളെല്ലാം തള്ളി ടി കെ ഹംസ രംഗത്തുവന്നു. സംഘടന രംഗത്തും സര്‍ക്കാര്‍ പദവികളിലും പാര്‍ട്ടി 75 വയസാണ് നിശ്ചയിച്ചിരിക്കുന്ന കാലാവധി. 80 വയസ് കഴിഞ്ഞവര്‍ പദവികളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കണമെന്നാണ് പാര്‍ട്ടി നയം. പ്രായാധിക്യം കൊണ്ടാണ് താന്‍ സ്ഥാനം ഒഴിയുന്നതെന്നും പാര്‍ട്ടി സെക്രട്ടേറിയറ്റുമായി കൂടിയാലോചിച്ചാണ് തീരുമാനം എടുത്തതെന്നും ടി കെ ഹംസ വ്യക്തമാക്കി.