കോഴിക്കോട്/തിരുവനന്തപുരം : ഏക സിവിൽ കോഡ് വിഷയത്തില്‍ സിപിഎം സംഘടിപ്പിക്കുന്ന സെമിനാര്‍ ഇന്ന് നടക്കും. കോഴിക്കോട് സ്വപ്‌ന നഗരിയിലെ ട്രേഡ് സെന്‍ററില്‍ വൈകിട്ട് നാല് മണിക്ക് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സെമിനാർ ഉദ്ഘാടനം ചെയ്യും.
ബിഡിജെഎസ് സെമിനാറിൽ പങ്കെടുക്കും. അരയാക്കണ്ടി സന്തോഷാണ് പ്രതിനിധിയായി സെമിനാറില്‍ പങ്കെടുക്കുന്നത്. സുന്നി മുജാഹിദ് വിഭാഗം നേതാക്കളും ക്രൈസ്‌തവ സഭ നേതാക്കളും വിവിധ മത സാമുദായിക നേതാക്കളും ഇടതു മുന്നണിയിലെ ഘടകകക്ഷി നേതാക്കളും സെമിനാറിൽ പങ്കെടുക്കും. ലീഗ് സിപിഎം ക്ഷണം നിരസിച്ചെങ്കിലും സെമിനാറില്‍ പങ്കെടുക്കാനുളള സമസ്‌തയുടെ തീരുമാനം സംഘാടകര്‍ക്ക് നേട്ടമായി.
വ്യക്തിനിയമങ്ങളില്‍ പരിഷ്‌കരണം വേണമെന്ന പാര്‍ട്ടി നിലപാടിനോട് സമസ്‌തയിലെ ഒരു വിഭാഗം എതിര്‍പ്പ് തുടരുകയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടുള്ള കോഴിക്കോട് നടത്തുന്ന സെമിനാര്‍ തുടര്‍ സമര പരിപാടികളുടെ ആദ്യ പടിയാണ്.
കെട്ടടങ്ങാത്ത വിവാദം : ഏക സിവിൽ കോഡിൽ സിപിഎമ്മിന്‍റെ ദേശീയതലത്തിലുള്ള പ്രതിഷേധ പരിപാടികളുടെ തുടക്കം കൂടിയാണ് കോഴിക്കോട് നടക്കുന്നത്. ഏക സിവിൽ കോഡ് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമർശത്തിന് പിന്നാലെയാണ് പൗരത്വ വിഷയത്തിന് സമാനമായ രീതിയിൽ സിപിഎം സെമിനാറുകൾ നടത്താൻ തീരുമാനിച്ചത്. വിവിധ ന്യൂനപക്ഷ സാമുദായിക വിഭാഗങ്ങളെ സെമിനാറിൽ പങ്കെടുപ്പിക്കുന്നതിലൂടെ സിപിഎം ഏക സിവിൽ കോഡിനെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്ന ആരോപണം പ്രതിപക്ഷം തുടക്കം മുതൽ ഉയർത്തിയിരുന്നു.
ലീഗിനെയും സമസ്‌തയേയും സിപിഎം സെമിനാറിന് പങ്കെടുക്കുന്നതിനായി ക്ഷണിച്ചെങ്കിലും കോൺഗ്രസിനെ തുടക്കം മുതലേ പരിഗണിച്ചിരുന്നില്ല. ലീഗ് ക്ഷണം നിരസിച്ചപ്പോൾ സമസ്‌ത സെമിനാറിൽ പങ്കെടുക്കുന്നതിൽ സമ്മതം നൽകുകയായിരുന്നു. മുസ്‌ലിം ലീഗിനെ സെമിനാറിൽ ക്ഷണിച്ച് യുഡിഎഫിൽ അസ്വാരസ്യം ഉണ്ടാക്കുക എന്ന രാഷ്ട്രീയ ലക്ഷ്യവും സിപിഎമ്മിനുണ്ടായിരുന്നു എന്ന ആരോപണവും ഉയർന്നിരുന്നു.
എന്നാൽ മുസ്‌ലിം ലീഗ് പങ്കെടുക്കുന്നില്ല എന്ന നിലപാട് സ്വീകരിച്ചതോടെ ഇത് മറികടക്കാൻ യുഡിഎഫിനായി. മുസ്‌ലിം ലീഗിനെ സെമിനാറിൽ ക്ഷണിച്ചത് ഇടതുമുന്നണിയിൽ അഭിപ്രായ വ്യത്യാസം ഉണ്ടാക്കി. ഇടതുമുന്നണിയിലെ പ്രധാന കക്ഷിയായ സിപിഐ തന്നെ മുസ്‌ലിം ലീഗിനെ ക്ഷണിച്ച നടപടിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കും എന്നതിനാൽ പരസ്യ പ്രതികരണം ഒഴിവാക്കി പ്രതിഷേധിക്കുകയാണ് സിപിഐ ചെയ്‌തത്. സിപിഐയുടെ മുതിർന്ന നേതാക്കൾ ആരും ഇന്നത്തെ സെമിനാറിൽ പങ്കെടുക്കുന്നില്ല. ദേശീയ എക്‌സിക്യൂട്ടീവ് യോഗം ഡൽഹിയിൽ നടക്കുന്നു എന്ന കാരണത്താലാണ് പങ്കെടുക്കാത്തത് എന്നാണ് വിശദീകരണം. സി കെ വിജയൻ എംഎൽഎയാണ് സിപിഐയുടെ പ്രതിനിധിയായി സമ്മേളനത്തിൽ പങ്കെടുക്കാനായി എത്തുന്നത്.
സിപിഎം സെമിനാറിന് സമാന്തരമായി സമസ്‌തയുടെ യുവജന വിഭാഗമായ എസ്‌വൈഎസ് ഇന്ന് നടത്താന്‍ തീരുമാനിച്ചിരുന്ന സെമിനാര്‍ മാറ്റി വച്ചിരുന്നു. സമസ്‌തയുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു തീരുമാനം. എന്നാൽ, വിഷയത്തിൽ സിപിഎം സെമിനാറിന് പിന്നാലെ ജനസദസ് സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസിന്‍റെ നീക്കം. കോഴിക്കോട് വച്ച് ഈ മാസം 22 ന് ആദ്യ ജനസദസ് സംഘടിപ്പിക്കാനാണ് നീക്കം. സാമൂഹ്യ രാഷ്‌ട്രീയ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ടായിരിക്കും ജനസദസ്.